തൃശൂർ: പാലിയേക്കര ടോൾ പ്ലാസക്കെതിരെ സമരം നടത്തിയതിന് 10 വർഷം കഴിഞ്ഞ് അറസ്റ്റ് വാറന്റ്. കേസെടുത്തത് സംബന്ധിച്ച് ഒരു വിവരവും സമരക്കാർക്ക് ഇല്ലെന്നിരിക്കെയാണ് വർഷങ്ങൾക്കിപ്പുറം കോടതിയിൽനിന്ന് വാറന്റ് വന്നിരിക്കുന്നത്.
അന്ന് സമരത്തിന് കാരണമായുയർത്തിയ ആക്ഷേപങ്ങൾ ശരിയാണെന്ന് വർഷങ്ങൾക്കിപ്പുറം അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും സി.ബി.ഐ കേസെടുക്കുകയും ഇ.ഡി അന്വേഷിക്കുകയും ചെയ്യുമ്പോഴാണ് ടോൾ പ്ലാസയിലേക്ക് സമരം നടത്തിയതിന് പൊലീസെടുത്ത കേസിൽ 10 വർഷം കഴിഞ്ഞ് സി.പി.എം നേതാവിനടക്കം വാറന്റ് വന്നതെന്നാണ് കൗതുകം.
കക്ഷിരാഷ്ട്രീയത്തിനതീതമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നിരുന്നു. അതിലെല്ലാം നൂറ് കണക്കിന് ആളുകളും പങ്കെടുത്തിരുന്നു. എന്നാൽ അതിൽ പങ്കെടുത്ത ആറ് പേർക്കാണ് വാറന്റ് ലഭിച്ചിരിക്കുന്നത്. പൊതുപ്രവർത്തകരായ ജോയ് കൈതാരത്ത്, വി.ആർ. സുരേഷ്, പി.സി. ഉണ്ണിച്ചെക്കൻ, കല്ലൂർ ബാബു, കെ. ശേഖർ, എം.ആർ. മുരളി തുടങ്ങിയവർക്കാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കരുതെന്നായിരുന്നു സമരത്തിലെ പ്രധാന ആവശ്യം. നിർമാണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആക്ഷൻ കൗൺസിലുമായും സമരങ്ങൾ ഇപ്പോഴും വിവിധ തലത്തിലായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.