തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും വീട്ടിൽ കിടന്ന കാറിന്റെ നമ്പറിൽ ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ ഈടാക്കി. തൃശൂർ സ്വദേശിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഫ്രാങ്കോ ലൂയീസാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
ഫ്രാങ്കോ ലൂയീസിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത കെ.എൽ 08 എ.എൽ 8768 നമ്പർ കാർ 19ന് വൈകീട്ട് 5.46ന് പാലിയേക്കര ടോള്‍ പ്ലാസ വഴി കടന്നുപോയെന്ന് ആരോപിച്ചാണ് നാഷനല്‍ ഇലക്ട്രോണിക് ടോൾ കലക്ഷന്‍ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് 80 രൂപ കവര്‍ന്നത്.
പരാതിയുണ്ടെങ്കില്‍ 1033 നമ്പരില്‍ പരാതിപ്പെടാമെന്ന സന്ദേശവും ഫോണില്‍ ലഭിച്ചു. പരാതിപ്പെട്ടപ്പോൾ ഹിന്ദിയിൽ സംസാരിച്ചയാൾ പരാതി ഫയല്‍ ചെയ്യുന്നുണ്ടെന്ന് മറുപടി അറിയിച്ചതായി ഫ്രാങ്കോ പറയുന്നു. തിങ്കളാഴ്ച ബാങ്കിലും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലും സമാനമായ പരാതി ഉയർന്നിരുന്നു. പട്ടിക്കാട് സ്വദേശി സിബി എം. ബേബിയുടെ വർക്ക്ഷോപ്പിൽ കിടന്ന ലോറിക്ക് പാലിയേക്കരയില്‍ ടോള്‍ ഈടാക്കിയിരുന്നു. സംഭവത്തിൽ സിബി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പാലിയേക്കരയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ലോറി പുലര്‍ച്ച പ്ലാസയിലൂടെ കടന്നുപോയെന്ന് ആരോപിച്ചായിരുന്നു തുക ഈടാക്കിയത്.
ഒരുതവണ കടന്നാൽ അഞ്ച് തവണ കടന്നതായി കാണിച്ച് പണം പിടിച്ചുവെന്ന കോടാലി സ്വദേശിയുടെ പരാതിയും സമീപകാലത്താണ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.