പുന്നയൂര്‍ക്കുളം: പുതിയ അധ്യായന വർഷത്തിലെ പാഠപുസ്തകം വാങ്ങി പോകുന്നതിനിടെ സ്കൂൾ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചു കൊണ്ടുപോയി ലോക്ഡൗണ്‍ ചട്ടലംഘനം ചുമത്തി പിഴ അടപ്പിച്ചതായി പരാതി. ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടുമെന്ന് അപേക്ഷിച്ചിട്ടും ഫോണ്‍ തിരികെ നല്‍കിയില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി. കടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ അണ്ടത്തോട് പാറംപുരയ്ക്കല് ശ്യാംലാല്‍ (16), വെളുത്തേടത്ത് ഷിഫാസ് (17), പൊന്നാക്കന് സുഹൈല്‍ (17) എന്നിവരില്‍ നിന്നാണ് പൊലീസ് പിഴ ചുമത്തിയത്. രക്ഷിതാക്കള്‍ എത്തി മൂന്ന് പേർക്കുമായി 1500 രൂപ പിഴ ഒടുക്കിയ ശേഷമാണ് ഫോണ്‍ തിരിച്ചു നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയോടെ ശ്യാംലാലും അയല്‍വാസി ഷിഫാസും ഒരു കിലോമീറ്ററോളം അകലെ പെരിയമ്പലം യത്തീംഖാന റോഡിലെ വീട്ടില്‍ പ്ലസ്ടു പുസ്തകം വാങ്ങാന്‍ പോയത്. മടങ്ങും വഴി സുഹൈലിെൻറ വീടിനു മുന്നില്‍ റോഡില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. വന്ന ഉടന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയായിരുന്നുവത്രെ. പഠനാവശ്യത്തിനുള്ള പുസ്തകം വാങ്ങി വരികയാണെന്നും മറ്റും പറഞ്ഞെങ്കിലും ഒന്നും ശ്രദ്ധിക്കാതെ ഫോണുമായി പൊലീസ് പോയി.
ബസ് തൊഴിലാളിയും മത്സ്യക്കച്ചവടക്കാരുമായ ഇവരുടെ രക്ഷിതാക്കള്‍ സ്റ്റേഷനില്‍ എത്തി ഇളവു നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും വഴങ്ങിയില്ലത്രെ. പിന്നീട് വൈകിട്ടാണ് ഇവര്‍ പണം സംഘടിപ്പിച്ച് പിഴ അടച്ചത്. ഫോണ്‍ കൈയിലെത്തുമ്പോഴേക്കും മൂന്ന് ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെട്ടിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. മൊബൈല്‍ ഫോണും ലൈസന്‍സും പിടിച്ചുകൊണ്ടുപോകുന്നതായി വടക്കേക്കാട് പൊലീസിനെതിരെ മുമ്പും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.