കാട്ടൂർ: പഞ്ചായത്തിലെ കുടുംബശ്രീയെ തകർക്കാൻ കോൺഗ്രസ് വനിത അംഗങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മഹിള അസോസിയേഷൻ ധർണ നടത്തി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനത്തെ തകർക്കാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവഹേളനപരമായി പെരുമാറുകയും ചെയ്യുന്നതായാണ് ആക്ഷേപം.
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് പ്രതിരോധ പോരാളികളായി മുഴുവൻ വാർഡുകളിലും പ്രവർത്തിച്ചിരുന്ന ആർ.ആർ.ടി അംഗങ്ങളെ സഹായിക്കുന്നതിെൻറ ഭാഗമായാണ് പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് 250 രൂപ വീതം പിരിച്ചു നൽകുന്നതിന് തീരുമാനിച്ചത്. ഇത്തരത്തിൽ 106 അയൽക്കൂട്ടങ്ങളിൽ നിന്നു 250 രൂപ വീതവും 14ാം വാർഡിലെ ഓർക്കിഡ് അയൽക്കൂട്ടം നൽകിയ 550 രൂപയും ഉൾപ്പെടെ 27,050 രൂപ കഴിഞ്ഞ ഒക്ടോബർ മാസം തന്നെ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
എന്നാൽ ആറാം വാർഡിലെ അയൽക്കൂട്ടങ്ങൾ 1000 രൂപ വീതം നൽകിയത് കണക്കിൽ കാണിക്കാതെ അഴിമതി നടത്തിയെന്ന ആരോപണമാണ് കോൺഗ്രസ് മെംബർ ഉന്നയിച്ചിട്ടുള്ളത്. ആരോപണം ഉന്നയിച്ച മെംബറുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ, സി.ഡി.എസ് ചെയർപേഴ്സൻ അജിത ബാബു, ആറാം വാർഡ് മെംബർ വി.എം. കമറുദ്ദീൻ എന്നിവരുമായി പരാതി ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ ഇരുവരും അടിസ്ഥാനരഹിതമായ ആരോപണത്തെ നിഷേധിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് ജനപ്രതിനിധിയോട് ആരോപണം തെളിയിക്കാനും അത്തരത്തിൽ തുക കൈമാറിയ അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ നൽകാനും അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നാളിതുവരെയായും ആരോപണം തെളിയിക്കാനോ പിൻവലിക്കാനോ കോൺഗ്രസ് വനിത മെംബർ തയാറാകാത്ത സാഹചര്യത്തിലാണ് ജനാധിപത്യ മഹിള അസോസിയേഷൻ കാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം വത്സല ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റീന സന്തോഷ് അധ്യക്ഷത വഹിച്ചു. സുലോചന ശക്തിധരൻ, അമിത മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.