തൃശൂർ: കാട്ടുമൃഗങ്ങളെ വേട്ടയാടിയതും ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതും സംബന്ധിച്ച് പരാതി നൽകിയ പൊതുപ്രവർത്തകന് വനം വകുപ്പ് ഉദ്യോഗസ്ഥെൻറ ഭീഷണി. അങ്കമാലി ഏഴാറ്റുമുഖം ഡെപ്യൂട്ടി റേഞ്ചർക്കെതിരെയാണ് പരാതി. ഉദ്യോഗസ്ഥൻ മൊബൈൽ ഫോൺ പിടിച്ചുവെച്ചതായും പൊതുപ്രവർത്തകൻ അജിത് കൊടകര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ തട്ടുംപാറയിൽ കരിങ്കൽ ക്വാറിയിലേക്ക് വരുന്ന കാട്ടുമൃഗങ്ങളെ ഷോക്കടിപ്പിച്ചും കെണിവെച്ചും പിടികൂടി ഭക്ഷിക്കുന്നുവെന്നും ക്വാറിക്ക് സമീപത്തെയും പുറമ്പോക്ക് ഭൂമിയിലെയും ചന്ദനമരങ്ങൾ മുറിച്ചതായും കാണിച്ച് അജിത് കൊടകര വാഴച്ചാൽ ഡി.എഫ്.ഒക്ക് പരാതി നൽകിയിരുന്നു. ഇതിൽ മൊഴിയെടുക്കാനാണ് അങ്കമാലി ഏഴാറ്റുമുഖം ഓഫിസിലേക്ക് വിളിപ്പിച്ചത്.
ഇവിടെയെത്തിയ അജിത്തിൽനിന്ന, ബലമായി ഫോൺ പിടിച്ചുവാങ്ങുകയായിരുന്നുവത്രെ. ഫോണിൽ റെക്കോഡ് ചെയ്യുമെന്ന് പറഞ്ഞാണത്രെ പിടിച്ചുവാങ്ങിയത്. മൊഴിയെടുക്കാതെ അജിത്തിനെ പറഞ്ഞയച്ചതായും പരാതിയിൽ പറയുന്നു. പരാതിപ്പെട്ടതിെൻറ വൈരാഗ്യം തീർത്തതാണെന്നാണ് അജിത് പറയുന്നത്. മൊബൈൽ ഫോണിൽ വിളിച്ച് പരാതി അറിയിച്ചപ്പോൾ മന്ത്രി ഇ-മെയിലിലൂടെ പരാതി ചോദിച്ച് വാങ്ങിയെന്നും അജിത് അറിയിച്ചു. അജിത് നൽകിയ പരാതിയിലാണ് സംസ്ഥാനത്ത് പൊലീസിനെതിരായ ആദ്യ ഇ.ഡി അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.