തൃശൂർ: ശമ്പള പരിഷ്കരണം യാഥാർഥ്യമായെങ്കിലും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിലെ (സിൽക്) ഉദ്യോഗസ്ഥരുടെ കുടിശ്ശിക ധനവകുപ്പ് നിഷേധിച്ചു. ഏഴു വർഷത്തെ കാത്തിരിപ്പിന് ശേഷം വ്യാഴാഴ്ചയാണ് കുടിശ്ശികയുടെ കാര്യം സൂചിപ്പിക്കാതെ ഉത്തരവിറങ്ങിയത്.
പരിഷ്കരണത്തെത്തുടർന്ന് വരുന്ന അധിക ചെലവുകൾ സ്വയം കണ്ടെത്തണമെന്നും ശമ്പളത്തിനായി സർക്കാർ ഗ്രാൻഡ് വകമാറ്റാൻ പാടില്ലെന്നും വ്യവസായ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പരിഷ്കരണം നീണ്ടതിനാൽ 2019 മുതൽ 1500 രൂപ ഇടക്കാലാശ്വാസം ലഭിക്കുന്ന ജീവനക്കാർ പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഈ തുക തിരിച്ചടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
'സിൽക്കി'ൽ ഇപ്പോഴുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തിക നിയമവിരുദ്ധമാണെന്നും വ്യവസായ വകുപ്പ് ഉത്തരവിൽ പറയുന്നു. ആ തസ്തിക ഇല്ലാതാക്കി പുതിയ സ്റ്റാഫ് പാറ്റേൺ തയാറാക്കണം. സർക്കാർ അംഗീകാരമില്ലാതെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ പാടില്ല.
പ്രമോഷനോ ശമ്പളവർധനവോ സർക്കാറിെൻറ അറിവോടെയല്ലാതെ പാടില്ല. ഉത്തരവിൽ പറയുന്നു. 2018ൽ ബോർഡ് അംഗീകാരത്തോടെ പോയ ശമ്പള പരിഷ്കരണ ശിപാർശ ആസൂത്രണ ബോർഡും സെക്രട്ടേറിയറ്റിലെ സാമ്പത്തിക വിഭാഗവും വിശദമായി ചർച്ച ചെയ്താണ് അന്തിമ രൂപം തയാറാക്കിയത്.
കുടിശ്ശിക കാര്യത്തിൽ ധനവകുപ്പിെൻറ കടുംപിടിത്തമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.