തൃശൂർ: ജോലിയിലുള്ള പൊലീസുകാർ തനിക്ക് സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയ മേയറുടെ വിവാദ നടപടിയിൽ സി.പി.എം ഇടപെടുന്നു. വിഷയം അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്ന് നേതൃത്വം വിലയിരുത്തി. അടുത്ത ദിവസം മേയറെ വിളിച്ചുവരുത്തി ഇക്കാര്യത്തിൽ നിർദേശം നൽകുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ശനിയാഴ്ച ജില്ല സെക്രട്ടേറിയറ്റും ഞായറാഴ്ച ജില്ല കമ്മിറ്റിയും ചേരുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടാത്ത വിഷയമായതിനാൽ സമകാലിക വിഷയങ്ങളെന്ന നിലയിൽ സല്യൂട്ട് വിവാദം പരാമർശിച്ചു പോയി. ഞായറാഴ്ച ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ കോർപറേഷൻ മേഖല ചുമതലയുള്ള തൃശൂർ ഏരിയയിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായത്തിനും ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കുക. വിവാദമുണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വർഗീസിനെ മേയർ സ്ഥാനം നൽകി കൂടെ നിർത്തിയാണ് ഇടതുമുന്നണി കോർപറേഷൻ ഭരിക്കുന്നത്. 55 അംഗ കൗൺസിലിൽ വർഗീസ് ഉൾപ്പെടെ ഇടതുപക്ഷത്തിന് 25ഉം യു.ഡി.എഫിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. അംഗബലത്തിൽ പ്രതിപക്ഷവും സമാന കരുത്തുള്ളതാണെന്നതിനാൽ കടുത്ത നിലപാടിലേക്ക് കടക്കാനോ തീരുമാനങ്ങളെടുക്കാനോ സി.പി.എം മുതിർന്നേക്കില്ല. നേരത്തേ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്ന മേയറുടെ ഏകപക്ഷീയ പ്രഖ്യാപനം വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് നേതൃത്വം ഇടപെട്ടാണ് പിന്നീട് പരിഹരിച്ചത്.
തൃശൂർ: സല്യൂട്ട് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി തൃശൂർ മേയർ. സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡി.ജി.പിക്ക് കത്തയച്ചതെന്ന് എം.കെ. വർഗീസ്. തെൻറ ഉദ്ദേശ്യശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു. പൊലീസുകാരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല താൻ കത്ത് നൽകിയത്. തനിക്ക് നേരിട്ട ദുരനുഭവം മറ്റു സമാന പദവിയിലുള്ളവരും അനുഭവിക്കുന്നുണ്ടാവുമെന്ന് കണക്കാക്കുന്നു. അർഹിക്കുന്നതാണെങ്കിൽ നൽകണമെന്നാണ് ഉദ്ദേശിച്ചത്.
മുൻ സൈനികനായ തനിക്ക് സൈനികരുടെ ബുദ്ധിമുട്ട് അറിയാം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്. ആദരവ് നൽകേണ്ടെന്നാണെങ്കിൽ വേണ്ടെന്നും എം.കെ. വർഗീസ് വ്യക്തമാക്കി.
അതേസമയം, പൊലീസിെൻറ സല്യൂട്ട് വേണമെന്ന തൃശൂർ മേയറുടെ ആവശ്യത്തിൽ സി.പി.എം നേതൃത്വത്തിെൻറ നിലപാടറിയാൻ പൊതുസമൂഹത്തിനു താൽപര്യമുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.
തൃശൂർ: കോവിഡ് കാലത്തും വഴിയോരത്തു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കടന്നുപോകുമ്പോഴും തന്നെ സല്യൂട്ട് ചെയ്യണമെന്നാഗ്രഹിക്കുന്നത് അധികാര ഗർവ് ആയി മാത്രമേ കാണാൻ സാധിക്കൂ.
നവീന കാലഘട്ടത്തിനു ചേരാത്ത കൊളോണിയൽ അടിമത്ത ചിന്താഗതി വെച്ച് പുലർത്തുന്ന മേയർക്ക് നൽകേണ്ടത് പരിഹാസ സല്യൂട്ട് ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. ഒ.ജെ. ജനീഷ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.