സ​​ന്തോ​ഷ്

സഹജീവികളെ ചേർത്തുപിടിക്കലാണ് സന്തോഷിന്റെ സന്തോഷം

തൃപ്രയാർ: ഓട്ടോറിക്ഷ ഓടിക്കുമ്പോഴും സന്തോഷിന്റെ കണ്ണുകൾ വഴിയോരങ്ങളിൽ അലയുന്നവരിലേക്കാകും. തൃപ്രയാർ പോളി സെന്ററിൽ ഓട്ടോ ഡൈവറായ നാട്ടിക കാളക്കൊടുവത്ത് സന്തോഷാണ് മുഷിഞ്ഞതും കീറി പറിഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ചവരുണ്ടോയെന്ന് നോക്കുന്നത്. അത്തരക്കാരെ കണ്ടാൽ വണ്ടി നിർത്തി കാര്യങ്ങൾ തിരക്കും.

ഓട്ടോയിൽ കരുതിയിരിക്കുന്ന വസ്ത്രങ്ങൾ യോജിക്കുന്നവയാണെങ്കിൽ ധരിപ്പിച്ചു കൊടുക്കും. ഇല്ലെങ്കിൽ എത്തിച്ചു കൊടുക്കും. പലർക്കും വസ്ത്രങ്ങൾ നൽകുന്നതോടൊപ്പം കുളിപ്പിച്ച് വൃത്തിയാക്കലും നടത്തേണ്ടി വരും.

കോവിഡ് പിടിമുറുക്കിയ ലോക് ഡൗൺ കാലത്താണ് സന്തോഷിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. അലഞ്ഞു തിരിയുന്നവരെ പഞ്ചായത്ത് തൃപ്രയാർ ദേവസ്വം ഡോർമിറ്ററിയിൽ താമസിപ്പിച്ചു. ഇവരുടെ മുടി വെട്ടി കൊടുക്കാൻ ഭയമില്ലാതെ തന്നെ സന്തോഷ് തയാറായിരുന്നു. സമീപത്തെ അനാഥാലയങ്ങളിലെ അന്തേവാസികളുടെ മുടിവെട്ടുന്നതും സന്തോഷാണ്.

കൂടാതെ സമീപ പ്രദേശങ്ങളിലെ കിടപ്പു രോഗികളുടെ വീടുകളിലെത്തി മുടി വെട്ടി കൊടുക്കുന്നു. ഇതെല്ലാം ചെയ്യുന്നത് സൗജന്യമായാണ്. ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് ഈ അമ്പതുകാരൻ സഹജീവികൾക്കായി സമയം കണ്ടെത്തുന്നത്.

നാട്ടികയിലെ വയോധിക ദമ്പതികളുടെ വീഴാറായ വീടിന്റെ അവസ്ഥ സന്തോഷിലൂടെ അറിഞ്ഞ് 'മാധ്യമം' വാർത്തയാക്കിയതു കണ്ട വ്യവസായി എം.എ. യൂസഫലി അവർക്കു പുതിയ വീടു നിർമിച്ചു നൽകി.

ചെന്ത്രാപ്പിന്നി സ്വദേശിയുടെ ദുരവസ്ഥ വലപ്പാട്ടെ സി.പി. മുഹമ്മദ് ട്രസ്റ്റിനെ ധരിപ്പിച്ച സന്തോഷിന്റെ ഇടപെടൽ ഫലമുണ്ടായി. ട്രസ്റ്റ് ചെയർമാൻ സി.പി. സ്വാലിഹ് അവരുടെ ഫ്ലാറ്റുകളിലൊന്നിൽ താമസമൊരുക്കി.

ഇങ്ങനെ രണ്ടു കിടപ്പാടങ്ങൾക്ക് വഴി കാണിക്കാനായതിൽ സന്തോഷവാനാണ് സന്തോഷ്. ഇക്കഴിഞ്ഞ ഓണത്തിന് തൃപ്രയാറിലെ ഭിന്നശേഷിക്കാരായ നിരാലംബർക്ക് പുതുവസ്ത്രങ്ങൾ നൽകി.

സഹായമനസ്കരോട് നടത്തുന്ന അഭ്യർഥനകൾ ഫലം കണ്ടതോടെ ചികിത്സ ധനസഹായം, വീൽചെയർ, വാക്കിങ് സ്റ്റിക് എന്നിവയും നൽകാനായി. കിടപ്പു രോഗികളുടെ മുടി വെട്ടാൻ സമയമാകുമ്പോൾ സന്തോഷ് അവരുടെ വീട്ടിൽ എത്തിയിട്ടുണ്ടാകും. ഭാര്യ പ്രീതിയും മക്കളായ ഗോപിക, തമ്പുരാൻ, ദേവിക എന്നിവരടങ്ങുന്നതാണ് കുടുംബം. 

Tags:    
News Summary - Santhosh's happiness is to join fellow beings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.