ചെറുതുരുത്തി: കേരള കലാമണ്ഡലം കൂടിയാട്ട വിഭാഗം അറുപതാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന വേളയിൽ ശ്രദ്ധേയമായി വ്യത്യസ്തനായ വിദ്യാര്‍ഥിയുടെ സാന്നിധ്യം. യുനെസ്കോ പൈതൃക പട്ടികയില്‍ പെടുത്തി അംഗീകരിച്ച കൂടിയാട്ടം പഠിക്കാന്‍ കലാമണ്ഡലത്തിലെത്തിയത് വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കാടുമായി ചേര്‍ന്ന് ജീവിക്കുന്ന കാട്ടുനായ്ക്കര്‍ വിഭാഗത്തിൽ നിന്നുള്ള ഷരുണ്‍ (16) ആണ്. കൂടിയാട്ടം പഠനത്തിനെത്തിയ കാട്ടുനായ്ക്കര്‍ സമൂഹത്തിൽനിന്നുള്ള ആദ്യ വിദ്യാര്‍ഥിയാണ്.
വയനാട് തോണിക്കടവില്‍ ചേകാടിതുറമ്പൂര് കോളനിയിലാണ് ഷരുണ്‍ താമസിക്കുന്നത്. കാടിനുള്ളില്‍ താമസിക്കുന്ന 15ഓളം കുടുംബങ്ങളില്‍നിന്ന് ആദ്യമായി പുറത്തു പോവുകയും കലാപഠനം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ഥിയാണ് താനെന്ന് പ്ലസ് വണ്‍ വിഭാഗത്തില്‍ കൂടിയാട്ടത്തിന് പ്രവേശനം നേടിയ ഷരുൺ പറയുന്നു. കുട്ടിക്കാലം മുതല്‍ നൃത്തത്തോടുള്ള താൽപര്യമാണ് ഈ വിദ്യാർഥിയെ കലാമണ്ഡലത്തിലേക്ക് എത്തിച്ചത്. നാടോടി നൃത്തം തനിയെ പഠിക്കുകയും തുടര്‍ന്ന് പലരുടെയും സഹായത്തോടെ കോഴിക്കോട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു.
എന്നാല്‍, അച്ഛന് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മയ്ക്കും സഹോദരിക്കും താങ്ങും തണലും ഷരുണ്‍ ആയിരുന്നു. അതുകൊണ്ടു തന്നെ പുറത്തുപോയി കലാപഠനമെന്ന സ്വപ്നം മനസ്സിലൊതുക്കി. എന്നാല്‍, മകന്റെ ആഗ്രഹം അറിഞ്ഞ അമ്മയാണ് പുറത്തുപോയി പഠിക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. ആദിവാസി വിഭാഗങ്ങളുടെ പ്രമോട്ടര്‍ ആയ പി.എസ്. മിനിയെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കലാമണ്ഡലവുമായി ബന്ധപ്പെട്ടു. വൈസ് ചാന്‍സലറും രജിസ്ട്രാറും തുറന്ന മനസ്സോടെ എല്ലാ പിന്തുണയും നല്കി ഷരുണിന് പഠിക്കാനുള്ള അവസരം ഉറപ്പുനല്‍കി. കലാമണ്ഡലത്തില്‍നിന്ന് കൂടിയാട്ടത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ഷരുണ്‍ ആ വിഭാഗത്തില്‍ പ്രവേശനം നേടി തിരിച്ചുപോവുകയും ചെയ്തു.
അമ്മക്ക് അസുഖമുള്ളതിനാല്‍ അവരെ വിട്ടു പോരാന്‍ ഷരുണിന് മടിയായിരുന്നു. തിരികെ എത്താത്തതിനെ തുടര്‍ന്ന് കലാമണ്ഡലം കൂടിയാട്ടം വിഭാഗം അധ്യക്ഷന്‍ കലാമണ്ഡലം ഡോ. കനകകുമാറാണ് മടങ്ങിവരവിന് പ്രേരിപ്പിച്ചത്. ബുധനാഴ്ച ഗുരുനാഥനായ കലാമണ്ഡലം കനകകുമാറിന് ദക്ഷിണ നല്കി പഠനത്തിന് തുടക്കം കുറിച്ചു. കലാമണ്ഡലത്തില്‍ പഠിച്ചു അറിയപ്പെടുന്ന കലാകാരനായി മാറണം, അമ്മയെ സംരക്ഷിക്കണം, വീടുവെക്കണം എന്നൊക്കെയാണ് ഷരുണിന്റെ ആഗ്രഹങ്ങള്‍. അമ്മ ലക്ഷ്മിയും ഇളയ സഹോദരി അഞ്ജനയുമാണ് വീട്ടിലുള്ളത്. മൂത്ത സഹോദരിമാരായ ലതികയും ജയശ്രീയും വിവാഹിതരാണ്.
ഷരുണിനെ പോലുള്ളവർ ഈ രംഗത്തു കടന്നു വരുന്നത് വലിയ പ്രതീക്ഷ നല്‍കുന്നതായും കലാമണ്ഡലത്തിലെ കൂടിയാട്ട വിഭാഗത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന തരത്തില്‍ അറുപതാം വാര്ഷികാഘോഷങ്ങള്ക്കു വലിയ പ്രാമുഖ്യം നല്‍കുമെന്നും ഡോ. കനകകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.