തൃശൂർ/ഒല്ലൂർ: സി.പി.എം ഭീഷണി കാരണം മുൻ സി.ഐ.ടി.യു പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പീച്ചി സ്വദേശി കെ.ജി. സജിയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. അഴിമതി ചോദ്യംചെയ്തതാണ് സജിയോട് പാർട്ടിക്ക് പക തോന്നാൻ കാരണമെന്ന് സഹോദരൻ ബിജു പറഞ്ഞു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി. ചുമട്ടു തൊഴിലാളിയായിരുന്ന സജി പാർട്ടിയിലെ അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സി.ഐ.ടി.യു വിട്ട് സ്വതന്ത്ര കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. ഇത് പ്രശ്നങ്ങൾ വഷളാക്കിയെന്നും സജി ഒരാഴ്ചയായി ഏറെ മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. ആത്മഹത്യാകുറിപ്പിൽ പേര് പറഞ്ഞ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ പീച്ചി പൊലീസിൽ പരാതി നൽകി. സജിയുടെ മരണത്തെ തുടർന്ന് ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, പാർട്ടി അംഗങ്ങളായ വർഗീസ് അറക്കൽ, പ്രിൻസ് തച്ചിൽ എന്നിവർക്ക് മർദനമേറ്റിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ പീച്ചി പൊലീസിൽ പരാതി നൽകി.
അതേസമയം, സജിയുടെ ആത്മഹത്യ വേദനാജനകമാണെന്നും ആത്മഹത്യക്കുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ആരോപണങ്ങളിലേത് പോലെ സി.ഐ.ടി.യു പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.