തൃശൂര്‍: ജില്ലയിലെ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കൊന്നൊടുക്കും. ഇക്കാര്യത്തിൽ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി ജില്ല കലക്ടര്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഡോക്ടര്‍മാര്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് നടപടി സ്വീകരിക്കുക. തുടര്‍ന്ന് അണുനശീകരണ നടപടികള്‍ സ്വീകരിക്കും. പതിനാലാം നമ്പര്‍ വാര്‍ഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.
പ്രസ്തുത ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യല്‍, ഇത്തരം കടകളുടെ പ്രവര്‍ത്തനം, പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകൽ, മറ്റ് പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരൽ എന്നിവ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാനും നിർദേശം നല്കി.
രോഗം സ്ഥിരീകരിച്ച പന്നിഫാമില്‍ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസം പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയില്‍നിന്ന് പുറത്തേക്കോ മാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചെക് പോസ്റ്റുകളിലും ജില്ലയിലെ മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസ്, ആര്.ടി.ഒ എന്നിവയുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്, വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിക്കാന്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും ചുമതല നല്കി.
ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും മുന്‍കരുതലുകള്‍ സ്വീകരിക്കും. മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നഗരസഭ- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍ ഡെയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിക്കേണ്ടതും തുടര്‍ന്ന് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്. തൃശൂര്‍ കോര്പറേഷന്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, പാണഞ്ചേരി, പുത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.