തൃശൂർ: ബാര്‍ പരിസരത്ത് മദ്യലഹരിയിൽ കണ്ട ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതെ വിട്ട സംഭവത്തിൽ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷൻ എസ്.ഐമാരായ എന്‍. പ്രദീപ്, എം. അഫ്സല്, സി.പി.ഒ ജോസ് പോള്‍ എന്നിവരെയാണ് കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി അജിതാബീഗം സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ചയും സാമൂഹിക ഉത്തരവാദിത്ത നിർവഹണത്തിൽ അനാസ്ഥയും ചൂണ്ടികാട്ടിയാണ് നടപടി.
ഒരാഴ്ച മുമ്പായിരുന്നു സംഭവം. രാത്രി ശക്തൻനഗറിലെ ബാറിനുസമീപം മദ്യലഹരിയിൽ കണ്ട മുളങ്കുന്നത്തുകാവ് സ്വദേശിയെയാണ് ബൈക്ക് കസ്റ്റഡിയിലെടുത്ത് അടുത്തദിവസം സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ച് വിട്ടയച്ചത്. പിറ്റേദിവസം ബൈക്ക് വാങ്ങാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ബൈക്കിൽ കയറാൻ പ്രയാസപ്പെടുന്നത് കണ്ടതിനെ തുടർന്നാണ് രാത്രി പൊലീസ് വണ്ടി കസ്റ്റഡിയിലെടുത്തത്. തുടർന്ന് മുളങ്കുന്നത്തുകാവ് സ്വദേശി വീണ്ടും ബാറിൽതന്നെ പോയി മദ്യപിച്ച് മറ്റൊരാളുമായി തർക്കമുണ്ടായി. പിന്നീട് വീട്ടിലേക്ക് പോയ ഓട്ടോയിൽ ബാഗ് മറന്നുവെക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ ഇയാൾ ബാഗും മൊബൈലും പേഴ്സും കാണാതായത് സംബന്ധിച്ച് പരാതിപ്പെട്ടു. എന്നാൽ, ഓട്ടോ ഡ്രൈവർ മറന്നുവെച്ച ബാഗ് നേരത്തേ സ്റ്റേഷനിലെത്തിച്ചിരുന്നു. പഴ്സും മൊബൈലും ബാറില്‍ വെച്ച് തർക്കമുണ്ടായയാളാണ് എടുത്തതെന്ന് പൊലീസ് കണ്ടെത്തുകയും വീണ്ടെടുത്ത് നൽകുകയും ചെയ്തു. തുടർന്നാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്.
തനിക്കെതിരെ വ്യാജ കേസെടുത്തതായി കാട്ടി മുളങ്കുന്നത്ത്കാവ് സ്വദേശി പിന്നീട് എ.സി.പിക്ക് നൽകിയ പരാതിയിലാണ് പൊലീസുകാർക്കെതിരെ നടപടി. താൻ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് പൊലീസ് കൊണ്ടുപോവുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. കൃത്യനിർവഹണത്തിലെ വീഴ്ച ചൂണ്ടികാട്ടിയാണ് സസ്പെൻഷൻ.
മദ്യലഹരിയിൽ അപകടമുണ്ടാക്കുംവിധം സഞ്ചരിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് രക്ത പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം വീട്ടുകാരെ അറിയിക്കുകയോ സുരക്ഷിതമായി എത്തിക്കാൻ നടപടിയെടുക്കുകയോ ചെയ്യണമെന്നതാണ് ചട്ടം. ഇത് ചെയ്യാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതായുമുള്ള സ്പെഷൽബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കമീഷണറുടെ റിപ്പോർട്ട്. അതേസമയം, യുവാവിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബൈക്ക് പിടിച്ചുവെച്ചതെന്നാണ് പൊലീസുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.