പഴയന്നൂർ: റോഡ് നിർമാണം തടഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞും നടപടികളൊന്നുമില്ലാത്തതിനാൽ നടവഴി പോലുമില്ലാതെ ദുരിതത്തിലായി നാട്ടുകാർ. വാഴക്കോട്-പ്ലാഴി റോഡ് നവീകരണത്തിന്റെ ഭാഗമായി അമ്പലനടയിൽ മിൽമയുടെ ഉൾപ്പടെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും കൈയേറ്റം ഒഴിപ്പിക്കൽ മാത്രം ഫലത്തിലായില്ല. ആദ്യം മുതലേ സമരത്തിലുണ്ടായിരുന്ന ബി.ജെ.പിയെ കടത്തി വെട്ടി റോഡ് നിർമാണം നിർത്തിച്ച സി.പി.എമ്മും ഇപ്പോൾ മൗനത്തിലാണ്. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽ നടക്കാൻ പോലും വഴിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടി. വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്തവിധമാണ് ഇപ്പോഴത്തെ അവസ്ഥ. കോൺക്രീറ്റ് കഴിഞ്ഞ റോഡിന്റെ ഒരു ഭാഗം ഉയർന്നും പകുതി ഭാഗം താഴ്ന്നും കിടക്കുന്നതിനാൽ പലപ്പോഴും വീതി കുറഞ്ഞ മിൽമയുടെ മുമ്പിൽ വലിയ വണ്ടികൾക്ക് കടന്നു പോകാനാവുന്നില്ല. പലപ്പോഴും മിൽമയുടെ കെട്ടിടത്തിൽ തട്ടാതെ ബസിലെ കിളി ഇറങ്ങി നിന്ന് വാഹനം കടന്നുപോകാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഏറെ ബുദ്ധിമുട്ടുന്നത് എളനാട് റോഡിൽനിന്ന് തിരിഞ്ഞു വരുന്ന വാഹനങ്ങളാണ്.
വാഹനം തിരിഞ്ഞു വരുമ്പോൾ റോഡിലേക്ക് തള്ളി നിൽക്കുന്ന മിൽമയുടെ കെട്ടിടഭാഗത്തിൽ തട്ടും. അമ്പലനടയിൽ ഇത്രയേറെ ഗതാഗത പ്രതിസന്ധി തീർക്കുന്ന കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാവാത്തതെന്താണെന്ന് സമര പ്രഹസനങ്ങൾ കണ്ട് മടുത്ത ജനങ്ങൾക്കും മനസിലാവുന്നില്ല. ഈ ഭാഗത്തെ നിർമാണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ മഴക്കാലമാകുന്നതോടെ അമ്പലനടയിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.