തൃശൂർ: സിറ്റി പൊലീസിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. ജില്ലയിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് പൊലീസ് അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും പരാതി അറിയിച്ചു. കമീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ‘തോന്നിവാസത്തിൽ ബലിയാടുകളാവു’കയാണ് തങ്ങളെന്ന ഗുരുതര പരാതിയാണ് അസോസിയേഷൻ നേതൃത്വം അറിയിച്ചിരിക്കുന്നത്.
മേലുദ്യോഗസ്ഥരുടെ തെറ്റായ നടപടിയിൽ എസ്.ഐ പദവിയിലുള്ള ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് കാണിച്ച് കള്ളക്കേസെടുത്തതാണ് ഒടുവിലത്തേത്. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ആമോദിന്റെ ഭാര്യ നൽകിയ പരാതിയിൽ ഡി.ജി.പിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. ഇതോടൊപ്പം അസോസിയേഷൻ നേതാക്കളിൽനിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.
അങ്കിത് അശോകൻ ചുമതലയേറ്റശേഷമാണ് സിറ്റി പൊലീസിൽ ഇത്രയേറെ കെടുകാര്യസ്ഥതയുണ്ടായതെന്ന പരാതിയാണ് സേനാംഗങ്ങൾക്ക്. ഇക്കഴിഞ്ഞ പൂരം ക്രമസമാധാനപാലനത്തിലടക്കം സംഭവിച്ച പിഴവുകൾ മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. കമീഷണറേറ്റിന്റെ ചുറ്റളവിലെ പൊലീസ് സ്റ്റേഷനുകളിൽ തന്നെ ഉദ്യോഗസ്ഥ അലംഭാവമാണ്. ചേരിപ്പോര് പൊലീസ് സേനയെ നിർവീര്യമാക്കി.
കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതി, തന്റെ പോക്കറ്റിൽ പൊലീസ് കഞ്ചാവിട്ട് കേസെടുക്കുകയായിരുന്നുവെന്ന് പരാതിപ്പെട്ടിട്ട് അധികം ദിവസമായിട്ടില്ല. ഇതിനെ സാധൂകരിച്ചാണ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയത്. ഇതോടെ കേസെടുത്ത എസ്.ഐയും സി.പി.ഒയും കെണിയിലായി.
കാപ്പ ചുമത്തി നാട് കടത്തപ്പെട്ട ക്രിമിനലിന്റെ പരാതിയിൽ ഏഴ് പൊലീസുകാരും നടപടി നേരിട്ടു. നഗരത്തിലെ ബാറിന് സമീപത്തുനിന്ന് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ബൈക്ക് യാത്രികനെ ബൈക്ക് കസ്റ്റഡിയിലെടുത്ത് രാത്രിയിൽ വഴിയിൽ ഇറക്കിവിട്ട സംഭവമുണ്ടായി.
ഇതിൽ എസ്.ഐ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടായി. ജയിലിലേക്ക് അയച്ച പ്രതിയുടെ ബാഗിൽ സ്വർണാഭരണം കണ്ടെത്തിയ സംഭവത്തിൽ വ്യാജകേസെടുത്തെന്ന ആരോപണത്തിലും പൊലീസുകാർ പ്രതിക്കൂട്ടിലായി നടപടി നേരിട്ടു.
ചേരിപ്പോരിൽ സേനാംഗങ്ങളെ ഭിന്നിപ്പിച്ചതിനൊപ്പം നിർവീര്യമാക്കുകയും ചെയ്തു. ഒരുകാലത്ത് ഗുണ്ടകൾ അടക്കിവാണ തൃശൂരിനെ ജില്ലയിലെ പൊലീസിന്റെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് ഒതുക്കിയത്. എന്നാൽ, ഇക്കഴിഞ്ഞ ഓണനാളുകളിൽ നഗര പരിധിയിൽ ഗുണ്ടാ-കഞ്ചാവ് സംഘങ്ങൾ നടത്തിയത് ഇരട്ടക്കൊലപാതകമാണ്. പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയതാണ് വലിയ വിമർശനത്തിന് ഇടയാക്കാതിരുന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് നിരപരാധിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തപ്പോൾ, പൊതുസമൂഹത്തിൽ സേനയെയും വ്യക്തിയെയും പരസ്യമായി അപമാനിച്ച കുറ്റം ചെയ്ത നിയമപാലകനായ സി.ഐയെ ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്ന് സേനാംഗങ്ങൾ ആരോപിക്കുന്ന.
ആളില്ലാതെ ജീവനക്കാർ നെട്ടോട്ടമോടുമ്പോഴാണ് മേലുദ്യോഗസ്ഥരുടെ തൻപ്രമാണിത്തത്തിന് കീഴുദ്യോഗസ്ഥർ ബലിയാടാവുന്നത്. ഇനി അങ്ങനെ നീങ്ങാനില്ലെന്ന നിലപാടിലാണ് സേനാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.