തൃശൂർ: കോവിഡിെൻറ അശാന്തിയിൽ നിർജീവമായിരുന്നിടത്തുനിന്ന് തേക്കിൻകാട് വീണ്ടും സജീവമാകുകയാണ്. അപൂർവം അശരണർ മാത്രം കഴിഞ്ഞ കുറേ മാസങ്ങളായി തമ്പടിച്ചിരുന്ന തേക്കിൻകാട്ടിലെ ആലിൻ ചുവടുകളാണ് സഞ്ചാരികളാൽ സജീവമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളൊന്നും ഇവിടെ കാര്യമായി ബാധിക്കുന്നില്ല. നട്ടുച്ച നേരത്ത് തേക്കിൻകാട്ടിലൂെട നടത്തിയ പ്രദക്ഷിണം.
ഇളംകാറ്റിൽ ഉച്ചയുറക്കം
തെക്കേ ഗോപുരനട വഴിയേ തേക്കിൻ കാട്ടിലേക്ക് നടക്കുേമ്പാൾ ജ്വലിച്ച് നിന്ന ഉച്ചവെയിലിന് കീഴെ നിരനിരയായി നിൽക്കുന്ന മരത്തണലിൽ ഒന്ന് ഉറങ്ങാൻ തോന്നും. കാരണം വീശിയടിക്കുന്ന ഇളംകാറ്റ് തന്നെ. പക്ഷേ ഒരിഞ്ചു സ്ഥലമില്ല, എല്ലാ മരത്തണലിലുമുണ്ട് ഉറക്കക്കാർ.
അവരിൽ അശരണരായി നഗരത്തിൽ തമ്പടിക്കുന്നവരുണ്ട്, ഉത്തരേന്ത്യൻ തൊഴിലാളികളുണ്ട്. തീർഥാടക-വിനോദ സഞ്ചാരികളുമുണ്ട്. രണ്ടാഴ്ച മുമ്പുവരെ കാര്യമായി ആരുമെത്താതിരുന്ന ഇടമാണിത്. തേക്കിൻകാട്ടിലേക്ക് അന്യവാഹനങ്ങൾ കയറ്റുന്നില്ലെങ്കിലും എങ്ങനെയോ കടന്നുവന്ന ഒരു ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ വണ്ടി.
അതിൽ വന്നവർ മരത്തണലിൽ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. വടക്കുന്നാഥെൻറ ക്ഷേത്രമതിൽകെട്ടിനോട് ചേർന്ന നിഴൽപരന്ന മരത്തിണ്ണകളിൽ നിരന്നിരിക്കുന്ന സൈക്കിൾ റൈഡർമാർ. തൊട്ടപ്പുറത്ത് സൈക്കിളുകളുമിരിപ്പുണ്ട്്. മറ്റ് ജില്ലകളിൽനിന്ന് കുടുംബമായി വന്നവർ യാത്രാപരിപാടികളുടെ കണക്കെടുക്കുന്നു. ഈ മരത്തണൽ തങ്ങൾക്ക് തീറെഴുതിത്തന്നതാണെന്ന അധികാരത്തിൽ അടുത്തെത്തുന്നവരെ രൂക്ഷമായി നോക്കുന്ന 'വടക്കുന്നാഥെൻറ അന്തേവാസികളു'മുണ്ട് പലയിടത്തും.
കിഴക്കേ നടയിലെ ഫോട്ടോഷൂട്ട്
കിഴക്കേ നടയിലെത്തും മുമ്പിലെ വേര് പടർന്ന ആൽമരമാണിപ്പോൾ താരം. പടർന്ന വേരുകൾക്കിടയിൽ രണ്ട് പേരെ കഷ്ടിച്ച് നിൽക്കാനുള്ള ഇടമുണ്ട്. ചുറ്റും വേര് പടർന്ന പശ്ചാത്തലത്തിൽ മൊബൈലിൽ പടമെടുക്കാൻ വരിയാണിവിടെ. ആൽത്തറയിൽ കുടുംബസമേതം വന്ന മലയാളികളായ വിനോദ സഞ്ചാരികൾ വിശ്രമിക്കുന്നുണ്ട്. പടർന്ന വേരിെൻറ ഇരുട്ടും ചെറുകാറ്റും തണുപ്പുമൊക്കെയായി ഈ ഇടം തേക്കിൻകാടെത്തുന്നവരുടെ ഇഷ്ട ഇടമായി മാറിയിരിക്കുന്നു. തൊട്ടപ്പുറത്ത് വടക്കുന്നാഥൻ കിഴക്കേ ഗോപുരത്തിെൻറ താഴേ ബൈക്ക് നിറുത്തി ഫോട്ടോക്ക് പോസ് ചെയ്യുന്ന റൈഡർമാർ. പാറമേക്കാവ് ക്ഷേത്രത്തിന് അഭിമുഖമാണ് ഇവിടം.
ശല്യപ്പെടുത്തരുത്... യുട്യൂബ് ഷൂട്ടാണ്
കിഴക്കേ നടയിൽനിന്ന് പാർക്കിനോട് ചേർന്ന്പോകുന്ന വഴിെയ ഒരു ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന് മൊബൈലിൽ പാട്ടുവെച്ച് ചെയ്യുന്ന നൃത്തം ഷൂട്ട് ചെയ്യുകയാണ്.ഇടക്ക് ഫ്രെയിമിൽ കയറിവരുന്ന പശുക്കൾ ഇവരെ തടസ്സപ്പെടുത്തുന്നുണ്ട്. തേക്കിൻകാടിെൻറ വടക്കുഭാഗമെത്തുേമ്പാൾ ആനപ്പറമ്പിൽ നിന്ന് ആനകളുടെ ചിന്നംവിളി ഉയരുന്നുണ്ട്. നിറുത്തിയിട്ട ടൂറിസ്റ്റ് ബസിൽനിന്ന് ഇറങ്ങിയ സംഘം തമ്പടിച്ചിരിക്കുന്നത് ഈ പരിസരത്താണ്. ആനപ്പറമ്പിലേക്കും നോക്കിയിരിപ്പാണ് ഏറെപേരും.
ക്ഷേത്ര ദർശനത്തിനും തിരക്കേറി
'ക്ഷേത്രത്തിൽ ഒരാഴ്ചയായി തിരക്കേറെയാണ്. കുട്ടികളും കുടുംബാംഗങ്ങളുമൊക്കെയായി ആളുകൾ വരുന്നു. കോവിഡ് സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും ഇങ്ങനെ വരുന്നവരെ തടയാനാകുന്നില്ല. തിരക്ക് അത്രയൊന്നും ഉണ്ടാകാറില്ലായിരുന്നു. ഇപ്പോൾ വളരെ തിരക്കാണ്. ശബരിമല യാത്രികരുമുണ്ട്' -പടിഞ്ഞാറെ ഗോപുര നടയിലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.
വാഹനങ്ങൾ മൂന്നുഭാഗത്തുനിന്നും കടത്തിവിടുന്നില്ലെങ്കിലും കിഴക്കുഭാഗത്തുനിന്ന് വാഹനങ്ങൾ കടന്നുവരുന്നത് തടയാനാകുന്നില്ല. അവിടെ തടയാൻ ജീവനക്കാരനില്ല. പക്ഷേ പൊലീസ് ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്. രാത്രിയിലും ആളുകൾ ഇവിടെ തമ്പടിക്കാനെത്തുന്നുണ്ട് ' -അദ്ദേഹം പറഞ്ഞു. വൈകുന്നേരം നടതുറക്കുന്നതും കാത്ത് പടിഞ്ഞാറെ നടയിലെ പാർക്കിങ് ഗ്രൗണ്ടിൽ രണ്ടോ മൂന്നോ വാഹനങ്ങൾ കിടപ്പുണ്ടായിരുന്നു.
'വടക്കുന്നാഥ ക്ഷേത്ര മുറ്റത്താണ് ഞാൻ'
ഈ േവ്ലാഗർമാരെകൊണ്ട്, യാതൊരു രക്ഷയുമില്ല. എപ്പോൾ വേണമെങ്കിലും തേക്കിൻകാട് ഒന്ന് കറങ്ങിക്കോളൂ. രണ്ട് േവ്ലാഗർമാരെയെങ്കിലും കണ്ടുമുട്ടും. ഒരാൾ നീട്ടിപ്പിടിച്ച മൊബൈലും മൈക്രോഫോണുമായി ക്ഷേത്രമുറ്റത്തെത്തിയ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. കൂടെ രണ്ടോ മൂേന്നാ പേർ കാണും.
പലരും ക്ഷേത്രമതിൽക്കെട്ടിനകത്തും വിലക്ക് ലംഘിച്ച് മൊബൈലിൽ ഷൂട്ട് ചെയ്യാറുണ്ട്. അത് തടയാറുമുണ്ടെന്ന് സുരക്ഷ ജീവനക്കാർ പറയുന്നു. നടുവിലാലിൽ വഴിയിൽ ഐസ്ക്രീം വിൽപ്പന സജീവമാണ്. അന്യസംസ്ഥാന തൊഴിലാളികൾ അത് നുണഞ്ഞ് മരത്തണലുകളിൽ നേരംകളയുന്നു. പിങ്ക് പൊലീസ് പരിശോധനക്കായി എത്തുന്നുണ്ട്.
തെക്കേ ഗോപുരനടയിലും ഫോട്ടോയെടുപ്പ് സജീവം. പ്രദക്ഷിണം പൂർത്തിയാക്കി തെക്കേ ഗോപുര നട വഴി റോഡിലേക്ക് കടക്കവേ പിന്നിൽ നിന്ന് മുദ്രാവാക്യം വിളികൾ. കേന്ദ്ര കർഷക നിയമ ഭേദഗതിക്കെതിരെ ഐക്യദാർഢ്യപ്രകടനം തുടങ്ങുന്നത് തെക്കേ ഗോപുര നട ഭാഗത്തെ റോഡരികിൽ നിന്നാണ്. സംഘത്തോടൊപ്പം മുന്നോട്ട്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.