ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയർക്കുള്ള യാത്ര ഇളവുകള്‍ തുടരും. സൗജന്യ പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെ.കെ. രാമചന്ദ്രന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ടോള്‍ പ്ലാസ ഓഫിസ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ടോള്‍ പ്ലാസയില്‍ തദ്ദേശീയരുടെ എല്ലാ വാഹനങ്ങള്‍ക്കും നല്‍കിയിരുന്ന യാത്ര ഇളവ് മാറ്റമില്ലാതെ തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇതേതുടര്‍ന്ന് കലക്ടർ ഹരിത വി. കുമാര്‍ ടോള്‍ പ്ലാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തദ്ദേശീയര്‍ക്കുള്ള ഇളവുകള്‍ തുടരുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് എം.എല്‍.എ സമരം അവസാനിപ്പിച്ചത്. രാവിലെ പത്തരയോടെയാണ് ടോള്‍ പ്ലാസ ഓഫിസിന് മുന്നില്‍ സമരം ആരംഭിച്ചത്.
കെ.കെ. രാമചന്ദ്രന് എം.എല്‍.എക്കൊപ്പം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, ഇ.കെ. അനൂപ് എന്നിവരും സമരത്തില്‍ പങ്കെടുത്തു. ടോള്‍ കമ്പനി ജീവനക്കാര്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ യാത്രക്കാരോട് മോശമായാണ് പെരുമാറുന്നതെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സ്ഥിരതാമസക്കാർക്ക് നിബന്ധനകളില്ലാതെ സൗജന്യയാത്ര നേരത്തേ അനുവദിച്ചിരുന്നതാണ്. ഡിസംബര്‍ മുതല്‍ ടോള്‍ കമ്പനി ഒരു കുടുംബത്തിലെയോ സ്ഥാപനത്തിലെയോ ഒരു വാഹനത്തിന് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാറിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഉത്തരവിന്റെയോ നിര്‍ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ടോള്‍ കമ്പനിയുടെ നടപടിയെന്നും നേരത്തേ ഉണ്ടായിരുന്ന ഇളവ് അതേപടി തുടരണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനപ്രതിനിധികളുടെ സമരം.
കലക്ടർ ടോൾ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തദ്ദേശീയര്‍ക്ക് നേരത്തേയുണ്ടായിരുന്ന ഇളവുകള്‍ തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എമര്‍ജന്‍സി വഴിയിലൂടെ വിടാനും തീരുമാനമായി. കലക്ടർ നടത്തിയ ചർച്ചയിൽ തദ്ദേശീയര്‍ക്ക് നേരത്തേയുണ്ടായിരുന്ന ഇളവുകള്‍ തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എമര്‍ജന്‍സി വഴിയിലൂടെ വിടാനും തീരുമാനമായി.
റവന്യൂ മന്ത്രി ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉച്ചക്ക് രണ്ടോടെ എം.എല്‍.എ സമരം അവസാനിപ്പിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്, ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.എന്‍. ദിവാകരന്, കെ.എം. വാസുദേവന്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.