15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

കൊടുങ്ങല്ലൂർ: പുലർച്ച കാറിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. 25,000 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ 33 ചാക്കുകളിലാണ് കടത്തിയിരുന്നത്. പുലർച്ച 5.30ഓടെ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലായിരുന്നു വൻ ലഹരിവേട്ട.

കരുനാഗപ്പള്ളി വവ്വാക്കാവ് ദേശത്ത് കുന്നുംകട പടീറ്റതിൽ രാഹുൽ (28), പുത്തൻ വീട്ടിൽ അജ്മൽ (25) എന്നിവരാണ് അറസ്റ്റിലായത്. ലഹരി ഉൽപന്നങ്ങൾ മംഗളൂരുവിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഹാൻസ്, ഷംഭു തുടങ്ങിയവയാണ് കാറിലുണ്ടായിരുന്നത്. കരുനാഗപ്പള്ളിയിലെ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന കടക്കാർക്ക് വേണ്ടി ലഹരിവസ്തുക്കൾ കടത്തുന്നവരാണ് അറസ്റ്റിലായ രണ്ടുപേരും. ഇവർക്ക് 4000 രൂപ വീതം കൂലിയായി ലഭിക്കും.

ആലുവയിലെ സ്പിരിറ്റ് കേസ് പ്രതിയെ കണ്ണൂരിൽനിന്ന് പിടികൂടി ദേശീയപാത വഴി കടന്നുപോവുകയായിരുന്ന എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ടി.എം. മജുവിന് തോന്നിയ സംശയമാണ് വേട്ടയിൽ കലാശിച്ചത്. രണ്ടാൾ മാത്രമുണ്ടായിരുന്ന കാറിന്‍റെ സഞ്ചാരരീതിയാണ് സംശയിക്കാൻ കാരണമത്രെ. തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷംനാദിന് വിവരം നൽകുകയായിരുന്നു. പിന്നീട് വാഹനം തടഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.

പ്രിവന്റിവ് ഓഫിസർമാരായ സാലിഹ്, ഫൈസൽ, സി.ഇ.ഒമാരായ വി. ബാബു, കെ.എ. ബാബു, ജോഷി, ഡ്രൈവർ ഷിജു ജോർജ് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ കടകൾ കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്താൻ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും റേഞ്ച് ഇൻസ്പെക്ടർ ഷംനാദ് പറഞ്ഞു.

Tags:    
News Summary - Two arrested with Rs 15 lakh worth of banned tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.