അതിരപ്പിള്ളി: തമിഴ്നാട്ടിൽ കാലവർഷം ശക്തമായതോടെ വാൽപ്പാറയിലെ അപ്പർ ഷോളയാർ ഡാം തുറന്നെങ്കിലും ചാലക്കുടിപ്പുഴയിലെ ജലനിരപ്പിനെ ബാധിച്ചില്ല. എന്നാൽ കുറച്ചുദിവസമായി പുഴയിൽ വെള്ളം ഉയർന്ന നിലയിലാണ്.
ഒരാഴ്ചയിലേറെയായി അതിരപ്പിള്ളി വെള്ളച്ചാട്ടം പൂർണമായി കവിഞ്ഞൊഴുകുന്നു. പെരിങ്ങൽക്കുത്ത് ഡാമിൽനിന്നും പുഴയിലേക്ക് വെള്ളം സ്ലൂയീസ് ഗേറ്റ് വഴിയും മറ്റുമായി ഒഴുക്കി വിട്ടിരുന്നു. ഇതിന് പുറമേ വനമേഖലയിലെയും നാട്ടിൻ പുറത്തെയും മഴയും പുഴയിലെ ജലനിരപ്പിനെ ഉയർത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ട് അപ്പർ ഷോളയാർ ഡാമിന്റെ ജലനിരപ്പ് 3288.93 അടിയായതോടെ തമിഴ്നാട് ജലവിഭവ വകുപ്പ് ഒന്നാംഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെ ജലനിരപ്പ് 3290 അടിക്ക് മുകളിൽ എത്തിയതോടെയാണ് കേരള ഷോളയാറിലേക്ക് വെള്ളം ഒഴുക്കിവിട്ടത്.
കേരള ഷോളയാറിലെ ജലനിരപ്പ് 2609.10 അടിയായിരുന്നു. ഡാമിന്റെ സംഭരണ ശേഷി 2663 അടിയാണ്. അതിനാൽ തമിഴ്നാട് ഷോളയാറിൽ നിന്ന് ഒഴുകിയെത്തുന്ന അധികജലം കേരള ഷോളയാറിൽ തന്നെ സംഭരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ചാലക്കുടി മേഖലയിൽ മഴ കുറവായിരുന്നു. അതിരപ്പിള്ളിയിൽ 10 എം.എം, പരിയാരത്ത് അഞ്ച് എം.എം, ചാലക്കുടിയിൽ ആറ് എം.എം, മേലൂർ 10 എം.എം എന്നിങ്ങനെയാണ് ചൊവ്വാഴ്ച രാവിലെ വരെ പെയ്ത മഴയുടെ അളവ്. ചാലക്കുടിപ്പുഴയുടെ മുകൾത്തട്ടിലെ പറമ്പിക്കുളം അടക്കമുള്ള ഡാമുകളിൽ ജലം നിറയുന്നതേയുള്ളു. തുടർന്നുള്ള രണ്ട് ആഴ്ചകൾ സാധാരണ ഗതിയിൽ മഴ പെയ്താലേ അവ തുറന്നു വിടേണ്ട അവസ്ഥ വരൂ. അതിനാൽ ചാലക്കുടി പുഴയിൽ തൽക്കാലം വെള്ളപ്പൊക്ക ഭീഷണിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.