മതിലകം: പുന്നക്ക ബസാറിൽ തുടർച്ചയായ മഴയിൽ റോഡാകെ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. മതിലകം പഞ്ചായത്തിലെ പുന്നക്ക ബസാർ പടിഞ്ഞാറാണ് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കും വിധം രൂക്ഷ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
പഞ്ചായത്തിലെ നാലാം വാർഡിൽ ബർക്കത്തുൽ ഇസ്ലാം മസ്ജിദിനും മദ്റസക്കും അരികിലൂടെ തെക്കോട്ട് പോകുന്ന റോഡിലാണ് ദുരിതാവസ്ഥ. ഈ ഭാഗത്ത് മുമ്പ് വെള്ളമൊഴുകിപ്പോകാൻ കൈത്തോട് ഉണ്ടായിരുന്നുവെന്ന് സ്ഥലവാസികൾ പറയുന്നു.
ഇതോട് ചേർന്ന് മതിൽ പണിതതോടെ തോട് അപ്രത്യക്ഷമായി. ഇതോടെ റോഡിന്റെ ഗുണഭോക്താക്കൾ പണം സ്വരൂപിച്ച് പൈപ്പ് സ്ഥാപിച്ചതുവഴി വലിയൊരളവോളം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, സമീപവാസി പൈപ്പ് അടച്ചതോടെ വെള്ളം ഒഴുകാൻ മാർഗമില്ലാതായി.
മഴവെള്ളം റോഡ് കവിഞ്ഞ് വളപ്പുകളിലേക്ക് കയറാൻ തുടങ്ങിയതോടെ ചില വീട്ടുകാർ താമസം മാറ്റിയിരിക്കുകയാണ്. വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ കൊതുകുശല്യവും കൂടിയിട്ടുണ്ട്. അഴുക്കുവെള്ളം രോഗങ്ങൾ പടർത്തുമെന്ന ആശങ്കയുമുണ്ട്. പ്രശ്ന പരിഹാരത്തിന് ഇ.ടി. ടൈസൺ എം.എൽ.എക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.