പെരുമ്പിലാവ്: കടവല്ലൂരിലെ തിപ്പലിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നുവന്ന പരാതിയിൽ ജില്ല ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കലക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയത്.
പരിശോധന മണിക്കൂറുകളോളം നീണ്ടു. ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് ഒരു വർഷംമുമ്പ് എത്തിച്ച കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും നാളിതുവരെയും പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും സമീപ പ്രദേശങ്ങളിൽ പ്രാവർത്തികമാക്കിയ ഇ-ഹെൽത്ത് സംവിധാനവും കടവല്ലൂരിൽ പ്രവർത്തിക്കുന്നില്ലെന്നും മൂന്നു മാസം കുടുമ്പോൾ നടത്തേണ്ട ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മീറ്റിങ് മാസങ്ങളായി നടത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി അറിയുന്നു.
അനാവശ്യ പദ്ധതികൾ ഉണ്ടാക്കി ചില ഉദ്യോഗസ്ഥർ പണം തിരിമറി നടത്തുന്നുവെന്ന് നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു. കേന്ദ്രത്തിൽ സൂക്ഷിച്ച ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പിശകാണെന്നും വിവരാവകാശ അപേക്ഷ സമർപ്പിച്ചിട്ടും കൃത്യമായ രേഖകൾ നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
ഇ-ഹെൽത്ത് സംവിധാനം പ്രവർത്തിക്കാത്തത് ത്രീ ഫേയ്സ് കണക്ഷൻ ഇല്ലാത്തതു കൊണ്ടാണെന്നും സിംഗിൾ ഫേയ്സ് കണക്ഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-ഹെൽത്തിന്റെ അടിസ്ഥാന സേവനങ്ങൾ ഈ ആഴ്ച തന്നെ ലഭ്യമാക്കുമെന്നും പരിശോധന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.