പേവിഷ ബാധ: ആശങ്കയൊഴിയാതെ എച്ചിപ്പാറ

ആമ്പല്ലൂർ: എച്ചിപ്പാറ ആദിവാസി കോളനി പരിസരത്ത് വെള്ളിയാഴ്ചയും വളർത്തുനായ്ക്കൾക്ക് തെരുവുനായുടെ കടിയേറ്റു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. പാലപ്പിള്ളി എച്ചിപ്പാറ മേഖലയിൽ വാക്സിൻ എടുക്കാതെ നിരീക്ഷണത്തിലാക്കിയിരുന്ന നാല് നായ്ക്കൾ ഒരാഴ്ചക്കിടെ ചത്തത് ആശങ്കക്കിടയാക്കുന്നു.

പ്രദേശത്തെ 35 വളർത്തുനായ്ക്കളും ഉടമസ്ഥരുള്ള എട്ട് പശുക്കളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. മേഖലയിൽ പേവിഷ ബാധ സ്ഥിരീകരിച്ചതു മുതൽ ഇവയെ കെട്ടിയിട്ട് നിരീക്ഷിക്കുകയാണ്. 15 ദിവസത്തെ നിരീക്ഷണമാണ് നിർദേശിച്ചതെങ്കിലും 40 ദിവസംവരെ തുടരുന്നുണ്ട്.

എന്നാൽ തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന കന്നുകാലികളിൽ എത്രയെണ്ണത്തിന് കടിയേറ്റിട്ടുണ്ടെന്നോ പേവിഷബാധയുണ്ടെന്നോ തിരിച്ചറിയാനാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ അധികൃതർ വെടിവെച്ചു കൊന്നിരുന്നു.

രണ്ടാഴ്ച മുമ്പ് പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തിലിരുന്ന വളർത്തുനായും ചത്തു. നടാമ്പാടം കളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കൽ പാറു എന്ന സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചതോടെയാണ് പാലപ്പിള്ളി മേഖലയിൽ ആശങ്ക ഉടലെടുത്തത്.

ചിമ്മിനി ഉൾവനത്തിലെ ആനപ്പോരിൽവെച്ചായിരുന്നു പാറുവിന് നായുടെ കടിയേറ്റത്. കാട്ടിനുള്ളിൽ കാണാതായ നായ പിന്നീട് ചത്തുവെന്നാണ് കോളനിവാസികൾ പറയുന്നത്. ചിമ്മിനി വന്യജീവി സങ്കേതത്തിനകത്തായതിനാൽ കാട്ടുമൃഗങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്.

പ്രദേശത്ത് ധാരാളമെത്തുന്ന മാനുകൾക്കും കാട്ടുപോത്തുകൾക്കും നായുടെ കടിയേൽക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച കോളനി പരിസരത്ത് നായുടെ കടിയേറ്റ പട്ടികൾക്കും പൂച്ചകൾക്കും നേരത്തേ പ്രതിരോധ വാക്സിൻ നൽകിയതാണ്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആനിമൽ സ്ക്വാഡാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ള പട്ടികളെ പിടികൂടി കൂട്ടിലാക്കിയത്. വാക്സിനെടുത്ത് നിരീക്ഷണത്തിൽ കഴിയുന്ന വളർത്തുമൃഗങ്ങളെ ദിനേന സന്ദർശിക്കുന്നുണ്ടെന്നും ഭക്ഷണമെത്തിക്കുന്നുണ്ടെന്നും വരന്തരപ്പിള്ളി പഞ്ചായത്തംഗം അഷറഫ് പറഞ്ഞു. ഇവയ്ക്ക് ഇതുവരെ മറ്റു പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ 22 മുതൽ

കൊടകര: ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സെപ്റ്റംബർ 22, 24, 26 തീയതികളില്‍ വിവിധ സ്ഥലങ്ങളിലായി നടക്കും. 22ന് കൊടകര മൃഗാശുപത്രി, മനക്കുളങ്ങര പോസ്റ്റ് ഓഫിസ് പരിസരം, കാരൂര്‍ പാൽ സൊസൈറ്റി പരിസരം, പുത്തൂക്കാവ് പാല്‍ സൊസൈറ്റി പരിസരം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

24ന് കനകമല വെറ്ററിനറി സബ് സെന്‍റര്‍, കനകമല പാല്‍ സൊസൈറ്റി പരിസരം, കനകമല പള്ളി ജങ്ഷന്‍ പരിസരം, പേരാമ്പ്ര പി.ഡി.ഡി.പി പാൽ സൊസൈറ്റി പരിസരം എന്നിവിടങ്ങളിലും 26ന് കൊടകര കമ്യൂണിറ്റി ഹാള്‍ പരിസരം, കാവുംതറ ജങ്ഷന്‍, വല്ലപ്പാടി, വട്ടേക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളിലും ക്യാമ്പ് ഉണ്ടാകും.

Tags:    
News Summary - worried about rabies in echipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.