കോവിഡ് നിയന്ത്രണം ലംഘിച്ച് മത്സ്യവ്യാപാരം; മൂന്നുപേർക്കെതിരെ കേസ്​

തൊടുപുഴ: കോവിഡ്-19 നിയന്ത്രണം ലംഘിച്ച് മത്സ്യവുമായെത്തി മൊത്തവ്യാപാരം നടത്തുന്നതിനിടെ മീൻ കയറ്റിവന്ന ട്രക്ക് പൊലീസ്​ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാർ, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാർ എന്നിവരുൾപ്പെടെ നിരവധി ആളുകൾക്കെതിരെ തൊടുപുഴ പൊലീസ്​ കേസെടുത്തു. 

പള്ളുരുത്തി സ്വദേശി ദിലീപ് (46), വെങ്ങല്ലൂർ സ്വദേശി ദിലീപ് (45), മങ്ങാട്ടുകവല സ്വദേശി എം.എച്ച്​. സജീവ് (46) എന്നിവർക്കെതിരെയാണ് കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്​റ്റർ ചെയ്തത്.

സ്ഥലത്ത് ഉണ്ടായിരുന്ന കണ്ടാൽ അറിയാവുന്നവർക്കെതിരെയും കേസെടുത്തു. ശനിയാഴ്​ച രാത്രി 11നാണ്​ സംഭവം. തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലം കോവിഡ് രോഗികൾ കൂടുന്നതി​​െൻറ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭ അതിർത്തിക്കുള്ളിൽ ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നു. 

വഴിയോര കച്ചവടങ്ങളും മത്സ്യവ്യാപാരവും ആഗസ്​റ്റ്​ 10വരെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിയന്ത്രണം നിലനിൽക്കെ ശനിയാഴ്​ച രാത്രി 11ന്​ വെങ്ങല്ലൂർ- മങ്ങാട്ട്കവല നാലുവരി ബൈപാസിലേക്ക് ശീതീകരിച്ച ട്രക്കിൽ ടൺകണക്കിന് മത്സ്യമെത്തിക്കുകയായിരുന്നു. 

ഇത് വാങ്ങാൻ എഴുപതോളം ചെറുകിട കച്ചവടക്കാർ ഓട്ടോറിക്ഷ, മിനിലോറി, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കിന് സമീപത്ത് തടിച്ചുകൂടി. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്ഥലത്ത് വലിയ ആൾക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികൾ തൊടുപുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഉടൻ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി ട്രക്ക് സ്​റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. വാഹനത്തി​​െൻറ ഉടമക്കും ജീവനക്കാർക്കുമെതിരെ കേസ് രജിസ്​റ്റർ ചെയ്തു. തുടർന്ന് പൊലീസ്​ നടത്തിയ പരിശോധനയിൽ എറണാകുളത്തെ ഗോഡൗണിൽ നിന്നെത്തിച്ച മത്സ്യമാണെന്ന് കണ്ടെത്തി.

പഴകിയ മത്സ്യമല്ലെന്ന് കണ്ടതിനാൽ 5000 രൂപ പിഴയടപ്പിച്ചശേഷം വാഹനം എറണാകുളത്തേക്ക് മടക്കിയയച്ചു. 

കോവിഡ് നിയന്ത്രണം ലംഘിച്ച് വ്യാപാരം നടത്തിയതിനെതിരെയും ആളുകൾ കൂട്ടം കൂടിയതിനെതിരെയുമുള്ള കേസ് നടപടി തുടരുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എസ്.ഐ. ബൈജു പി.ബാബു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.