അഗളി (പാലക്കാട്): ജനസാഗരത്തെ സാക്ഷിയാക്കി അട്ടപ്പാടിയിലെ ആദിവാസി സമൂഹം മർദനമേറ്റ് മരിച്ച പ്രിയപുത്രൻ മധുവിന് യാത്രാമൊഴിയേകി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട്് മൂന്നോടെയാണ് മൃതദേഹം അഗളി പൊലീസ് സ്റ്റേഷന് മുന്നിലെ സമരപ്പന്തലിൽ എത്തിച്ചത്. തടിച്ചുകൂടിയ വൻ ജനാവലിക്ക് മുന്നിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സംസ്കരിക്കാൻ മൃതദേഹവുമായി പോയ ആംബുലൻസ് മുക്കാലി ജങ്ഷനിൽ ഊരുവാസികൾ തടഞ്ഞു.
െകാലപാതകികളെ നേരിൽ കാണാതെ കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. ആദിവാസി സ്ത്രീകളടക്കം രോഷാകുലരായി രംഗത്തെത്തിയതോടെ പൊലീസുമായി നേരിയ സംഘർഷവുമുണ്ടായി. തുടർന്ന് പൊലീസ് വാഹനം കൊട്ടിയൂർകുന്ന് വഴി ചിണ്ടക്കിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെയും സമരക്കാർ തടഞ്ഞു. പ്രതികളുടെ ചിത്രം പൊലീസ് മൊബൈൽ ഫോൺ വഴി കാണിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. ഇതിനിടെ മൃതദേഹത്തെ അനുഗമിച്ച കോൺഗ്രസ് നേതാവ് വി.എം. സുധീരനും പ്രശ്നത്തിൽ ഇടപെട്ടു. സംഘർഷാവസ്ഥ തീർന്നതോടെ, ചിണ്ടക്കി ആദിവാസി ഉൗരിന് സമീപത്തെ ഉൗര് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
പ്രതിഷേധം ഭയന്ന് മൃതദേഹം അഗളിയിലേക്ക് കൊണ്ടുവരുന്നതിന് പൊലീസ് ആദ്യം അനുമതി നൽകിയിരുന്നില്ല. പിന്നീട് സമരക്കാരുടെ സമ്മർദത്തെ തുടർന്നാണ് അനുവാദം നൽകിയത്. അരമണിക്കൂർ സമയമാണ് പൊലീസ് അനുവദിച്ചത്. മൃതദേഹം കാണാൻ ജനാവലി കാത്തുനിന്നിരുന്നതിനാൽ പൊതുദർശനം ഒരുമണിക്കൂർ നീണ്ടു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പൊരിവെയിൽ വകവെക്കാതെ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടു. ഇരുള, മുഢുക, കുറുംബ വിഭാഗത്തിലുള്ള ആദിവാസി സമൂഹം ഒന്നാകെയാണ് അഗളിയിൽ സംഘടിച്ചത്. വ്യാഴാഴ്ചയാണ് ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുവിഭാഗം നാട്ടുകാർ അഗളി കടുകുമണ്ണ ഉൗരിലെ മല്ലെൻറ മകൻ മധുവിനെ (32) മർദിച്ച് കൊലപ്പെടുത്തിയത്.
നീതി തേടി അട്ടപ്പാടിയിൽ പ്രതിഷേധക്കൊടുങ്കാറ്റ്
അഗളി ശനിയാഴ്ച സാക്ഷ്യംവഹിച്ചത് അട്ടപ്പാടിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്. മധുവിെൻറ കൊലപാതകം അത്രയധികം അവരെ വേദനിപ്പിച്ചെന്നതിന് തെളിവായി ആ ജനക്കൂട്ടം. ഇക്കാലമത്രയും അവർ അനുഭവിച്ച പീഡനം പ്രതിഷേധമായി പുറത്തേക്കൊഴുകി. പ്രായഭേദമന്യേ ആയിരക്കണക്കിന് ആദിവാസികളാണ് സമരപന്തലിൽ എത്തിയത്. കൊച്ചുകുട്ടികൾ പ്ലക്കാർഡുകളുമേന്തി അഗളിയിൽ മാർച്ച് നടത്തി. കൊച്ചുകുട്ടികളിൽനിന്ന് പോലും നീതിക്കായി മുദ്രാവാക്യങ്ങളുയർന്നു. പ്രതീകാത്മകമായി മധുവിെൻറ പ്രതിരൂപം നക്കുപ്പതി ഊരിൽനിന്ന് ചെല്ലൻ മൂപ്പെൻറ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ സമരപ്പന്തലിലെത്തിച്ചപ്പോൾ മുദ്രാവാക്യം ഉച്ചത്തിലായി.
ശനിയാഴ്ച രാവിലെ മുതൽ അട്ടപ്പാടിയിലേക്ക് നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. നേതാക്കൾ സമരപന്തലിലെത്തി മധുവിെൻറ മാതാവിനെയും സഹോദരിയെയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, വി.എം. സുധീരൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം.എൽ.എ, സി.കെ. ജാനു തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പട്ടികജാതി^വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവാജി സമരപന്തലിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ബി.ജെ.പിയും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിനെതുടർന്ന് സമരപന്തലിലെത്താൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ജനസാഗരം അഗളിയിലേക്ക് ഒഴുകിയത്.
അട്ടപ്പാടിയിലേക്ക് നേതാക്കളൊഴുകി
അഗളി: അട്ടപ്പാടിയിലേക്ക് ശനിയാഴ്ച രാവിലെ മുതൽ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. നേതാക്കൾ സമരപന്തലിലെത്തി മധുവിെൻറ മാതാവിനെയും സഹോദരിയെയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, വി.എം. സുധീരൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം.എൽ.എ, സി.കെ. ജാനു തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പട്ടികജാതി^വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവാജി സമരപന്തലിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ബി.ജെ.പിയും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിനെതുടർന്ന് സമരപന്തലിലെത്താൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ജനസാഗരം അഗളിയിലേക്ക് ഒഴുകിയത്.
കുമ്മനത്തിെൻറ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി
പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നടത്തിയ സമരം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കൊല്ലപ്പെട്ട മധുവിനെ കെട്ടിയിട്ടത് സ്വയം അനുകരിച്ചായിരുന്നു കുമ്മനത്തിെൻറ സമരം. ആദ്യം തോർത്തുമുണ്ട് കൊണ്ട് കൈകൾ കെട്ടി ഫോട്ടോക്ക് പോസ് ചെയ്ത കുമ്മനം, പിന്നീട് ചുവന്ന മുണ്ടുകൊണ്ട് കൈകൾ കെട്ടി സമരം നടത്തി. ചിത്രങ്ങൾ ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിമർശനമേറ്റത്.
മധുവിെൻറ കുടുംബത്തെ സർക്കാർ സംരക്ഷിക്കും-മന്ത്രി ബാലൻ
തൃശൂർ: അട്ടപ്പാടിയിൽ മർദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിെൻറ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 10 ലക്ഷം രൂപ കുടുംബത്തിന് അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചതായും മറ്റ് സഹായങ്ങൾ മന്ത്രിസഭ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ മധുവിെൻറ മൃതദേഹം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇൗ സംഭവം കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മധുവിനെ പിടിക്കാൻ പോകാൻ വഴി കാട്ടിയത് വനം ഉദ്യേഗസ്ഥരാണെന്നുള്ള ആരോപണം അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ബാലൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിക്കുമെന്നും ബാലൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പു വരുത്തുമെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മന്ത്രിമാരായ വി.എസ്. സുനിൽകുമാറും കെ.കെ. ഷൈലജയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.