മലപ്പുറം: മദ്റസ അധ്യാപക ക്ഷേമനിധിയിൽനിന്ന് വിതരണം ചെയ്യുന്ന മിനിമം പെൻഷൻ സാമൂഹികക്ഷേമ പെൻഷന് തുല്യമാക്കുമെന്ന് സൂചന. മദ്റസ അധ്യാപകരുടെയും ക്ഷേമനിധി ബോർഡിന്റെയും ഇതുസംബന്ധിച്ച അപേക്ഷകൾ സർക്കാർ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേരത്തേ പരിഗണിച്ചിരുന്നില്ല. ഇതിനിടെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സൗത്ത് കോഡൂർ റേഞ്ച് സെക്രട്ടറി മച്ചിങ്ങൽ മുഹമ്മദ് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് പെൻഷൻ മാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ പരിശോധിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നിർദേശം നൽകിയതായി അറിയിച്ചത്. മദ്റസ അധ്യാപക ക്ഷേമനിധിയിൽനിന്ന് മിനിമം പെൻഷനായി നൽകുന്ന 1500 രൂപ സാമൂഹിക സുരക്ഷ പെൻഷന് തുല്യമാക്കി പ്രതിമാസം 1600 രൂപയാക്കണമെന്ന അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയത്.
നിലവിൽ അധ്യാപക ക്ഷേമനിധിയിലുള്ള 313 പേരാണ് സംസ്ഥാനത്ത് 1500 രൂപ മദ്റസ പെൻഷൻ വാങ്ങുന്നതെന്നും ഇവർക്ക് സാമൂഹിക ക്ഷേമ പെൻഷന് നൽകുന്ന 1600 രൂപയാക്കി വർധിപ്പിക്കാൻ 31,300 രൂപ മാത്രമേ ഒരു മാസം അധികചെലവ് വരുന്നുള്ളൂവെന്നും ക്ഷേമനിധി ബോർഡ് ധനവകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ക്ഷേമനിധി ബോർഡ് യോഗത്തിൽ ഇക്കാര്യം വീണ്ടും ചർച്ചക്ക് എടുക്കുമെന്നും ഇതിനുശേഷം പെൻഷൻ മാറ്റത്തിൽ കൂടുതൽ വ്യക്തത വരുമെന്നുമാണ് സൂചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനുമുമ്പേ ഇതുമായി ബന്ധപ്പെട്ട് നിർദേശം പോയിട്ടുണ്ടെങ്കിലും പെൻഷന്റെ മാറ്റമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷമാവാനാണ് സാധ്യത.
മദ്റസ അധ്യാപക ക്ഷേമനിധിയിൽ അഞ്ച് വർഷം വിഹിതമടച്ചവർക്കാണ് പെൻഷന് അർഹത. ഇവർക്ക് മിനിമം പെൻഷനായ 1500 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്. കൂടുതൽകാലം വിഹിതമടച്ചവർക്ക് ആനുപാതികമായുള്ള പെൻഷനും നൽകുന്നുണ്ട്. മദ്റസ അധ്യാപക ക്ഷേമനിധി മറ്റു തൊഴിലാളി ക്ഷേമനിധിയിൽനിന്ന് വ്യത്യസ്തമാണ്.
മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ ശിപാർശകൾ കേരളത്തിൽ നടപ്പാക്കാൻ രൂപവത്കരിച്ച പാലോളി കമ്മിറ്റി അടിയന്തരമായി നടപ്പാക്കാൻ നിർദേശിച്ചതുപ്രകാരമാണ് മദ്റസ അധ്യാപക ക്ഷേമനിധി രൂപവത്കരിച്ചത്. ക്ഷേമനിധി രൂപവത്കരിച്ച് പെൻഷൻ, വിദ്യാഭ്യാസ സ്കോളർഷിപ്, ചികിത്സ സഹായം, വീട് നിർമാണം, വിവാഹം തുടങ്ങിയവക്ക് സഹായം നൽകണമെന്നും ഇതിലേക്ക് ആവശ്യമായ ഫണ്ട് സർക്കാർ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, 2021നു ശേഷം സർക്കാർ ഗ്രാൻഡ് നൽകിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.