ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത്​ തട്ടിപ്പ്​; യുവാവ്​ പിടിയിൽ

തൊടുപുഴ: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത്​ കോടികള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൂനമ്മാവ് വെട്ടിക്കല്‍ സാന്‍ജോ ജോസഫിനെയാണ്​ (38)തൊടുപുഴ ഡിവൈ.എസ്​.പി എം.ആര്‍. മധുബാബുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ്​ ചെയ്തത്.

തൊടുപുഴയിലും ആലുവയിലും പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങളിലായി എണ്‍പതോളം ആളുകളില്‍നിന്ന്​ റോസരി ട്രാവല്‍സ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്‍റെ മറവില്‍ സാന്‍ജോ അഞ്ചുകോടിയോളം രൂപ കൈക്കലാക്കിയതായാണ്​ പൊലീസ്​ പറയുന്നത്​. ഇസ്രായേലിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് ഒരുക്കിയാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഇതിനായി ഒന്നരമുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഒാരോരുത്തരില്‍നിന്ന്​ വാങ്ങുന്നത്. ഇസ്രാ​േയലില്‍ ജോലി ചെയ്യാന്‍ താൽപര്യം ഉള്ളവരില്‍നിന്ന്​ അഞ്ചുമുതല്‍ എട്ട് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു.

പണം നല്‍കുന്നവരെ ഗ്രൂപ്പുകളായി ജോര്‍ഡനിലെത്തിച്ച് അവിടെനിന്ന്​ ഇസ്രായേലിലേക്ക്​ കടത്താനായിരുന്നു ഇയാളുടെ പദ്ധതി. സാൻജോയുടെ വാക്ക്​ വിശ്വസിച്ച് ജോര്‍ഡനിലെത്തിയവരെ ഇയാള്‍ തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്തമാസം വിദേശത്തേക്ക്​ കടക്കാനുള്ള ഒരുക്കം നടത്തിവരുന്നതിനിടെ കോട്ടയം വെസ്റ്റ് സി.ഐയുടെ സഹായത്തോടെ ​പ്രതിയെ കോട്ടയത്തുനിന്ന്​ പിടികൂടുകയായിരുന്നുവെന്ന്​ തൊടുപുഴ പൊലീസ്​ പറഞ്ഞു.

തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന്​ പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാന്‍ജോയുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല ജില്ലയിലും ആളുകള്‍ തട്ടിപ്പിനിരയായതായാണ്​ വിവരം. ഇതേക്കുറിച്ച്​ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന്​ സി.ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - man arrested for Israel job fruad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.