തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിൽ ചേരാനൊരുങ്ങുന്ന മാണി സി. കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പൻ കോൺഗ്രസുകാരനായി യു.ഡി.എഫിലേക്ക് വരാനാണ് താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിൽ ഘടകകക്ഷിയായാണ് ചേരുന്നതെന്നും പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും മാണി സി കാപ്പൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ഘടകകക്ഷിയായി വരാൻ പോകുകയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച പൂർണ്ണരൂപം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലോ കേരള കോൺഗ്രസിലോ (ജോസഫ് വിഭാഗം) ലയിച്ച് വേണം കാപ്പനും കൂട്ടരും യു.ഡി.എഫിലേക്ക് വരുന്നതെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നുവെന്ന് വേണം മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കാൻ. എങ്ങനെ വന്നാലും കാപ്പനെ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.
മാണി സി.കാപ്പൻ മുന്നണിയിലെത്തിയത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പാലയിൽ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വിട്ടപ്പോൾ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നില്ലെന്നും എൽ.ഡി.എഫിന് ധാർമികത പറയാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.