തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന് അധ്യാപകർ നിരത്തുന്ന കാരണം പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന് ശിപാർശ. ഇതുസംബന്ധിച്ച് സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കും. അയ്യായിരത്തിലധികം അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്നാണ് കണക്ക്. തുടർന്നാണ് വാക്സിൻ സ്വീകരിക്കാതിരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ കാരണങ്ങൾ പറയുന്ന വരുടെ പ്രശ്നം പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ശിപാർശ നൽകിയത്.
ഇക്കാര്യത്തിൽ കോവിഡ് വിദഗ്ധസമിതിയുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇളവ് നൽകും. എന്നാൽ അതിലേറെ അധ്യാപകർ ബോധപൂർവം വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ കർശന നടപടി വേണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. വാക്സിൻ സ്വീകരിക്കാത്തത് വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. മഹാമാരിക്കാലത്ത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സമീപനം ഉണ്ടാകുന്നത് തടയണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തിൽ പറയുന്നു.
അധ്യാപകർ പൊതുസേവന വിഭാഗത്തിലാണെന്നും സർക്കാർ നിർദേശം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കാണണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിെൻറ അഭിപ്രായം. വാക്സിൻ സ്വീകരിക്കാത്തവർ സ്കൂളിൽ ഹാജരാകേണ്ടെന്നാണ് മുൻ നിർദേശം. ഇവരിൽ പലരും ഒാൺലൈൻ ക്ലാസാണ് നടത്തുന്നത്. വാക്സിൻ സ്വീകരിച്ചില്ലെന്ന കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം തുടരാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.
ഇൗ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ വാക്സിൻ സ്വീകരിച്ച് അവശേഷിക്കുന്ന അധ്യാപകർ സ്കൂളിലെത്താനുള്ള നടപടികളിലേക്ക് കടക്കും. വീട്ടിലിരിക്കുന്ന അധ്യാപകർക്ക് ശമ്പളം നൽകുന്നത് നിയമപ്രശ്നങ്ങൾക്കും വഴിവെക്കും. ഇവർക്ക് ശമ്പളക്കാര്യത്തിലും വിദ്യാഭ്യാസവകുപ്പ് പരിശോധന തുടങ്ങി.
കുട്ടികളുടെ ആരോഗ്യം മുഖ്യം –മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാറിന് മുഖ്യമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം അനുവദിക്കില്ല.
ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിനെടുക്കാൻ കഴിയാത്ത അധ്യാപകരും അനധ്യാപകരുമുണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കോവിഡ് വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വാക്സിനെടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, ഇത് സമൂഹത്തിെൻറ ആകെ ബാധ്യതയാകരുത് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.