തൊടുപുഴ: ഭക്ഷ്യവിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് ആശ്വാസമായി അഞ്ച് പശുക്കളുമായി മന്ത്രി ചിഞ്ചുറാണി എത്തി. കെ.എല്‍.ഡി.ബിയുടെ മാട്ടുപ്പെട്ടി ഫാമില്‍നിന്ന് എത്തിച്ച അത്യുല്പാദനശേഷിയുള്ള എച്ച്.എഫ് ഇനത്തില്‍പെട്ട അഞ്ച് പശുക്കളെയാണ് ചൊവ്വാഴ്ച രാവിലെ കുട്ടികളുടെ വീട്ടിലെത്തി മന്ത്രി കൈമാറിയത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം നേടിയ മാത്യു ബെന്നിയുടെ 13 പശുക്കളാണ് കഴിഞ്ഞമാസം ചത്തത്. അന്ന് വീട് സന്ദര്‍ശിച്ച മന്ത്രി സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.
മാത്യു ബെന്നിക്ക് മുന്‍കാലങ്ങളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ്, ഗോവര്‍ധിനി, ഗ്രാമപഞ്ചായത്ത് എസ്.എല്‍.ബി.പി, കറവപ്പശു വിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, കറവപ്പശുവിന് കാലിത്തീറ്റ വിതരണം, ധാതുലവണ വിതരണം മുതലായ നിരവധി പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും സര്‍ക്കാറിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നല്കി. എല്ലാ ക്ഷീരകര്‍ഷകരും ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തി മൃഗസംരക്ഷണമേഖലയെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അമ്മ ഷൈനിയും ജ്യേഷ്ഠന് ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ഈ പശുക്കള്‍. സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമായെന്ന് അമ്മ ഷൈനി പറഞ്ഞു. പൂര്‍ണമായും ഇൻഷുര്‍ ചെയ്ത പശുക്കളെയാണ് നല്‍കിയത്. ഇതിനോടൊപ്പം മില്‍മ നല്കുന്ന 45,000 രൂപയുടെ ചെക്കും കേരള ഫീഡ്സ് നല്കുന്ന ഒരു മാസത്തേക്ക് ആവശ്യമായ കാലിത്തീറ്റയും മന്ത്രി കൈമാറി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് സൗജന്യമായി കറവ യന്ത്രം നല്‍കുമെന്നറിയിച്ചതായും മന്ത്രി പറഞ്ഞു.
ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും പശുവളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മാത്യു ബെന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.