തൃശൂർ: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും തൃശൂരിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്ന ‘മഹാജനസഭ’യുടെ ഉദ്ഘാടനം നിർവഹിക്കവെ ഖാർഗെ പറഞ്ഞു.
മോദി സർക്കാറിന്റെ നയങ്ങൾ സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചത്. യുവാക്കൾ തൊഴിൽരഹിതരായി. സ്വകാര്യമേഖലയെയും മുതലാളിമാരെയുമാണ് മോദി പരിലാളിക്കുന്നത്. പൊതുമേഖലക്ക് തളർച്ചയുണ്ടായാൽ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. എന്നാൽ, മോദി പൊതുമേഖലയെ തകർക്കുകയും സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്നു. വിലക്കയറ്റം രൂക്ഷമായി. പാചകവാതക വില 400 രൂപയിൽനിന്ന് 1600 ആയി. മധ്യവർഗത്തെയും സാധാരണക്കാരെയും പണപ്പെരുപ്പം പ്രതിസന്ധിയിലാക്കി. കോർപറേറ്റുകൾക്കും ധനികർക്കുമായി കോടികൾ എഴുതിത്തള്ളുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാകും കോൺഗ്രസിന്റെതെന്നും ഖാർഗെ പറഞ്ഞു.
തൃശൂർ: ചരിത്രമുറങ്ങുന്ന തേക്കിൻകാട്ടിൽ കോൺഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് കാഹളമുയർന്നു. ബി.ജെ.പി വിജയം പ്രതീക്ഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയും ചെയ്ത തൃശൂരിൽതന്നെയാണ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ‘മഹാജനസഭ’യോടെ കോൺഗ്രസ് കളത്തിലേക്കിറങ്ങിയത്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയ ഖാർഗെ സംസ്ഥാന ഭരണത്തെ പേരിന് മാത്രമാണ് പരാമർശിച്ചത്.
എല്ലാവരും ഇന്ത്യൻ നാഷനൽ കോൺഗ്രസിനൊപ്പം നിൽക്കണം. കോൺഗ്രസിന് വോട്ട് ചെയ്യണം, വോട്ട് കേവലമൊരു പിന്തുണയല്ല; അപകടത്തിൽനിന്ന് ഈ രാജ്യത്തെ കരകയറ്റാനുള്ള തീരുമാനമാണ്. കേരളം ജയിച്ചാൽ ഇന്ത്യ ജയിച്ചെന്നും ഓരോ വോട്ടും രാജ്യത്തെ സംരക്ഷിക്കുന്നതാണെന്നും ഖാർഗെ പ്രവർത്തകരെ ഓർമപ്പെടുത്തി. മതത്തിന്റെ പേരിൽ വോട്ട് വാങ്ങാനെത്തുന്നവർ സ്ത്രീവിരുദ്ധരാണെന്ന് സഹോദരിമാർ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം തിരിച്ചറിയണം. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണം വർധിച്ചു. മണിപ്പൂരിലെ ബലാത്സംഗങ്ങളും ആക്രമണങ്ങളും രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടു. ഒമ്പത് മാസമായി നടക്കുന്ന അക്രമം തടയാൻ കേന്ദ്രം തയാറാവുന്നില്ല -ഖാർഗെ പറഞ്ഞു.
ജനുവരിയിൽ നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പി മഹിള സംഗമത്തിന് ജില്ലയിലെ ബൂത്ത് ഭാരവാഹികളെയും പ്രധാന നേതാക്കളെയും മാത്രം പങ്കെടുപ്പിച്ച ‘മഹാസാഗരം’ കാണിച്ചുള്ള മറുപടി കൂടിയായിരുന്നു കോൺഗ്രസിന്റെ മഹാജനസഭ. ഉച്ചയോടെത്തന്നെ തേക്കിൻകാട്ടിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ‘മഹാജനസഭ’ തുടങ്ങിയത്. ഖാർഗെ സംസ്ഥാന ഭരണത്തെ പേരിന് മാത്രമാണ് പരാമർശിച്ചത്. ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.