തിരുവനന്തപുരം: രാമക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയംതരണമെന്ന് പ്രവർത്തക സമിതിയംഗം ശശി തരൂർ എം.പി. ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. ഞങ്ങൾ സി.പി.എമ്മും ബി.ജെ.പിയുമല്ല. ആ പാർട്ടികളുടെ ആശയങ്ങളല്ല കോൺഗ്രസിനുള്ളത്.
സി.പി.എമ്മിന് മതവിശ്വാസമില്ല. അതുകൊണ്ടാണ് രാമക്ഷേത്ര സമർപ്പണ വിഷയത്തിൽ എളുപ്പത്തിൽ തീരുമാനം പറഞ്ഞത്. ക്ഷേത്രവും വിശ്വാസവും രാഷ്ട്രീയവേദിയാക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി ഒരുക്കുന്ന ചതിക്കുഴിയില്‍ കോണ്‍ഗ്രസ് വീഴരുത്. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെടുക്കുക. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സി.പി.എം എടുക്കുംപോലെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ കഴിയില്ല.
സി.പി.എം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോണ്‍ഗ്രസിലുണ്ട്. അതിനാല്‍, ചാടിക്കയറി തീരുമാനമെടുക്കേണ്ട കാര്യമില്ല. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് ഭരണകർത്താവായ പ്രധാനമന്ത്രിയല്ല. ട്രസ്റ്റികളോ തന്ത്രിമാരോ ആണ്. ശ്രീരാമന് ഭാര്യയെ സംരക്ഷിച്ചയാളും മോദി ജീവിച്ചിരിക്കുന്ന ഭാര്യയെ ഉപേക്ഷിച്ചയാളുമാണ്. മോദിക്ക് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.