പാലാ സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം, കാപ്പനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി

തിരുവനന്തപുരം: മാണി. സി. കാപ്പനെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺ​ഗ്രസിൽ വന്നാൽ സന്തോഷം. കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കെ.വി. തോമസിനെ വര്‍ക്കിങ് പ്രസിഡന്‍റാക്കാന്‍ ശിപാര്‍ശ നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. മാണി. സി. കാപ്പനുമായി ഔദ്യോ​ഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുന്ന ഞായറാഴ്ച കാപ്പൻ യു.ഡി.എഫിന്‍റെ ഭാഗമാകുമെന്നും വാർത്തയുണ്ട്.

ജോസ് കെ. മാണി എൽ.ഡി.എഫിൽ എത്തിയതിന് പിന്നാലെയാണ് പാലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തത്. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എൻസിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യു.ഡി.എഫിലേയ്ക്ക് സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി.

ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മുന്നണി വിടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.