വയനാട് ദുരന്ത ബാധിതർക്ക് മുസ്​ലിം ലീഗിന്റെ ആദ്യഘട്ട സഹായം 15,000 രൂപ വീതം

കോഴിക്കോട്: വയനാട് ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം വെള്ളിയാഴ്ച വിതരണം ചെയ്യും. വ്യാപാര സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് അരലക്ഷം രൂപ വീതം നൽകും.

നാലുപേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷയും വാങ്ങിനൽകുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ സഹായവും ആവശ്യമെങ്കിൽ ചികിത്സാ സഹായവും നൽകും.

ഇതിന് ഒന്നരക്കോടി രൂപ അനുവദിക്കും. ഉദ്യോഗാർഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. കെ.എം.സി.സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. 55 അപേക്ഷകളിൽനിന്ന് 48 പേരെ അഭിമുഖം നടത്തി ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്.

നിയമപരമായ കാര്യങ്ങൾക്ക് സഹായിക്കുന്നതിന് ലീഗൽ സെൽ രൂപവത്കരിച്ചു. ലോയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നൽകുക. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 ചതുരശ്രയടി വീടും നിർമിച്ചുനൽകും.

ലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ ശേഖരിച്ചവ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമുള്ള ദുരന്തബാധിതർക്ക് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി പ്രത്യേകം തയാറാക്കിയ ആപ്പിലൂടെ ഇതിനകം 27 കോടിയിലധികം സമാഹരിച്ചിട്ടുണ്ട്. ഈ മാസം 31ന് ഫണ്ട് കലക്ഷൻ അവസാനിക്കും. വാർത്തസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എം.എ. സലാം എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Muslim League first phase assistance to Wayanad disaster victims: Rs 15,000 each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.