ഇങ്ങനെ യു.ഡി.എഫിൽ തുടരാനാകുമോയെന്ന്​ മുസ്​ലിംലീഗ് പരിശോധിക്കണം -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ചാൻസലറായി ​ഗവർണറെ ഇനി അം​ഗീകരിക്കുന്ന പ്രശ്നമില്ലെന്നും നിയമസഭ പാസാക്കിയ ബിൽപോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ​ഗവർണർ ചെയ്യുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബില്ലു​കൾ ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ​ഗവർണർക്കില്ല. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമാണ്​. ഫലപ്രദമായി നടത്തേണ്ട പ്രവ‌‍ർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ​ഗവർണറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസമേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും രാജ്​ഭവൻ മാര്‍ച്ചിൽ ഗോവിന്ദൻ പറഞ്ഞു. ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന നിലപാട് താൻ മാത്രമല്ല നെഹ്റുവും സ്വീകരിച്ചെന്നാണ് കെ. സുധാകരൻ പറയുന്നത്​. ആ‍ർ.എസ്.എസിനോട് സന്ധി ചെയ്തവരുടെ പട്ടിക നെ​ഹ്റുമുതൽ ഇങ്ങോട്ട് പുറത്തുവിടാനാണ് സുധാകരൻ ശ്രമിക്കുന്നത്. ബോധപൂർവം ആ‍ർ.എസ്.എസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന കോൺ​ഗ്രസിന്റെ മുഖമാണ് കെ.പി.സി.സി പ്രസിഡന്റ് തുറന്നുകാണിക്കുന്നത്​. ഇങ്ങനെ യു.ഡി.എഫിൽ തുടരാനാകുമോയെന്ന്​ മുസ്​ലിംലീഗ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസും ബി.ജെ.പിയും ഉത്തരേന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാവിവത്​കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസമേഖലയെ എത്തിക്കുകയാണ് ​ഗവർണറുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബിൽ കൊണ്ടുവരും. ഇത് ജനാധിപത്യ സമൂഹമാണ്. ​ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mv govindan against K Sudhakaran and Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.