ബുൾഡോസർ കൊണ്ട് രാജ്യത്തെ ഇടിച്ചുനിരത്താൻ ഇനി മോദിക്കാവില്ല -കെ.സി. വേണുഗോപാൽ

ആലപ്പുഴ: ബുൾഡോസർ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താൻ ഇനി നരേന്ദ്ര മോദിക്കാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനേറ്റ പ്രഹരം കൂടിയാണിത്. സർക്കാറുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും ഇൻഡ്യ മുന്നണി പരിശോധിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

“കഴിഞ്ഞ രണ്ട് മൂന്നുവർഷം രാജ്യ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു. ഇത്തരമൊരു തെരഞ്ഞെടുപ്പ് ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു ഭരണകൂടം അതിന്‍റെ എല്ലാ ഭീകരതയോടും കൂടി ഭരിക്കുന്ന കാഴ്ചയാണുണ്ടായത്. കോൺഗ്രസ് അസ്തമിക്കുമെന്നായിരുന്നു പ്രചാരണം. എന്നിട്ട് പ്രധാനമന്ത്രി തന്നെ ഒരു ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കു പിന്നിൽപോയതു കണ്ടു.

രാഹുൽ ഗാന്ധിയെ അവർ എത്ര പരിഹസിച്ചു. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രാഹുൽ ജയിച്ചത്. വലിയ വീരവാദം പറഞ്ഞ പ്രധാനമന്ത്രി എത്ര വോട്ടിനാ ജയിച്ചത്? ഒരുകാര്യം ഉറപ്പാണ്, ബുൾഡോസർ കൊണ്ട് രാജ്യത്തെ ഇടിച്ചുനിരത്താൻ ഇനി നരേന്ദ്ര മോദിക്കാവില്ല. ആ കാലഘട്ടം അവസാനിച്ചിരിക്കുന്നു. വിദ്വേഷം വിളമ്പുന്നതായിരുന്നു മോദിയുടെ ഗാരന്‍റി. ഒരു പ്രധാനമന്ത്രിയുടെ നിലവാരത്തിനു യോജിച്ച പ്രവൃത്തിയാണോ അത്?

നല്ല ഭൂരിപക്ഷം കിട്ടുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എനിക്ക് ആലപ്പുഴയോട് വലിയ ആത്മബന്ധമാണുള്ളത്. ജനം അത് തിരിച്ചുതന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ കുറഞ്ഞ സമയം മാത്രമേ ആലപ്പുഴയിൽ ഉണ്ടായിരുന്നുള്ളൂ. പാർട്ടി മറ്റ് ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചതിനാലായിരുന്നു അത്. ഇതെല്ലാം മനസിലാക്കി വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നു.

മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടിയിട്ടുണ്ട്. കാടിളക്കിയുള്ള പ്രചാരണമായിരുന്നു അവരുടേത്. അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും എത്തിയിരുന്നു. ആലപ്പുഴയിൽ കൂടുതൽ മികച്ച പ്രവർത്തനവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്” -കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ 63,513 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ.സി. വേണുഗോപാൽ ജയിച്ചത്.

Tags:    
News Summary - Narendra Modi can no longer bulldoze the country, says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.