കൊല്ലം: പരീക്ഷ ഹാളിൽ നിന്നേറ്റ അപമാനവുമായി മരണത്തിെൻറ ട്രാക്കിലേക്ക് പോയ രാഖികൃഷ്ണ, അധ്യാപികമാരിൽ നിന്നേറ്റ മാനസിക ആഘാതവുമായി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ദുരൂഹമായി വീണ് മരിച്ച പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹ, ഇപ്പോൾ കോട്ടയത്തെ അഞ്ജു ഷാജി. അധ്യാപകരിൽ നിന്നേറ്റ മാനസികാഘാതവുമായി മരണത്തിലേക്ക് പോയ ഇവർക്കാർക്കും പിന്നീട് നീതി ലഭിച്ചിട്ടില്ല. കൊല്ലം ഫാത്തിമ മാത നാഷനൽ കോളജിലെ ബിരുദ വിദ്യാർഥിനി രാഖികൃഷ്ണയുടെ മരണത്തിനും അഞ്ജു ഷാജിയുടെ മരണത്തിനും സമാനതയേറെയാണ്.
ചുരിദാറിൽ ഉത്തരം എഴുതി പരീക്ഷ ഹാളിൽ എത്തിയെന്നതായിരുന്നു രാഖികൃഷ്ണക്കെതിരെ അധ്യാപകർ ഉയർത്തിയ ആരോപണം. എന്നാൽ ഇത് പരീക്ഷയുമായി ബന്ധപ്പെട്ടതല്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും അധ്യാപകർ കൂട്ടാക്കിയില്ലെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നുമായിരുന്നു സഹപാഠികളുടെ മൊഴി.
രാഖിയെ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തനിലയിലാണ് കണ്ടെത്തിയത്. 2018 നംവബർ 28ന് നടന്ന സംഭവത്തിൽ ആദ്യ അന്വേഷണ സംഘത്തെ മാറ്റി ഇപ്പോൾ കേസന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
ഉദ്യോഗസ്ഥർ വീട്ടിലെത്തി തങ്ങളിൽനിന്നും സഹപാഠികളിൽനിന്നും മൊഴിയെടുത്തിരുന്നതായി പിതാവ് രാധാകൃഷ്ണൻ പറഞ്ഞു. സംഭവം നടന്ന് രണ്ട് വർഷത്തോളമായിട്ടും പരീക്ഷ ഹാളിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും തെളിയിക്കപ്പെട്ടില്ല. അധ്യാപകർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
തെൻറ മകൾക്ക് നീതി നിഷേധിക്കപ്പെടുന്നതിൽ അമർഷവും സങ്കടവും ഉള്ളിലൊതുക്കുകയാണ് രാധാകൃഷ്ണൻ. കൊല്ലം ട്രിനിറ്റി ലെയ്സിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരിനേഹയുടെ മരണവും അധ്യാപകരിൽനിന്നേറ്റ കടുത്ത അപമാനത്തെത്തുടർന്നായിരുന്നു.
2017 ഒക്ടോബർ 20നായിരുന്നു സംഭവം. ആത്മഹത്യക്കുറ്റത്തിന് കേസെടുത്ത് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് കേക്ക് മുറിച്ച് ആഘോഷമായി തിരിച്ചെടുത്തു. തെൻറ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പ്രസന്നൻ ആവർത്തിക്കുന്നു. എന്താണവൾക്ക് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. കേസ് ഒത്തുതീർക്കാൻ കോടി രൂപവരെ തനിക്ക് വാഗ്ദാനം ലഭിച്ചു. അവർ പലരീതിയിൽ തന്നെ വഞ്ചിച്ചു.
ആത്മഹത്യ ചെയ്തതാണെന്ന് െതളിഞ്ഞാൻ താൻ സമാധാനപ്പെടും. എന്നാൽ മകൾ അങ്ങനെ ചെയ്യില്ല. അതുറപ്പാണ്. അധ്യാപകരുടെ ക്രൂരമായ മാനസികാവസ്ഥയാണ് ഈ കുഞ്ഞുങ്ങളുടെയെല്ലാം മരണത്തിന് കാരണമെന്നും പ്രസന്നൻ പറഞ്ഞു.
അധികാരികളും സമ്പത്തും എല്ലാം അവരുടെ കൈയിലുണ്ട്. തളർന്ന് മരവിച്ച മനസ്സല്ലാതെ തന്നെപ്പോലുള്ള മാതാപിതാക്കളുടെ കൈയിൽ മറ്റെന്തുണ്ടെന്ന് പ്രസന്നൻ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.