ചങ്ങനാശ്ശേരി: എന്‍.എസ്.എസിന് ആരോടും ശത്രുതയില്ലെന്നും കാര്യം പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നംജയന്തി പൊതുഅവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് രണ്ട് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്.
ഈ വിഷയം സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ മറുപടി അടിസ്ഥാനരഹിതമാണ്. ഈ ആവശ്യം ഉന്നയിച്ച് എന്‍.എസ്.എസ് നൽകിയ നിവേദനത്തിന് മറുപടിയായി ലഭിച്ചത് പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന്‍റെ പൊതുവായ നയം എന്നാണ്.
രണ്ടാമത്തെ നിവേദനത്തിന്, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശമുണ്ടെന്നും ഇത്തരത്തിൽ 18 അവധികള്‍ അനുവദിച്ച സാഹചര്യത്തിൽ പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്ന പൊതുനയത്തിന്‍റെ അടിസ്ഥാനത്തില്‍ അപേക്ഷ അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് മുഖ്യമന്ത്രിയില്‍നിന്ന് മറുപടി ലഭിച്ചത്.
മുന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടിയുള്ള 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്നത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണ്. 10 മാസങ്ങള്‍ക്ക് മുമ്പുതന്നെ മുന്നാക്കസമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമീഷൻ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ മറുപടിയും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്ത് എന്‍.എസ്.എസ് സമര്‍പ്പിച്ച ഉപഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാറിന് ഇപ്പോള്‍ നിർദേശം നൽകിയിരിക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.