നെടുമ്പാശേരി: കുവൈത്തിലേക്ക് പോകുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര- സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാകുകയെന്നത് ഏറ്റവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കില്‍ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രതിനിധിയെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ക്ലിയറന്‍സ് നല്‍കി അവരെ അവിടെ എത്തിക്കാനുള്ള സൗകര്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. അതിനോട് യോജിക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങള്‍ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണിത്. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ വിവരിക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ എല്ലാവരും പങ്കുചേരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
തീപിടിത്തത്തിൽ മലയാളികളുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിനെ സംസ്ഥാന പ്രതിനിധിയായി കുവൈത്തിലേക്ക് അയക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
മന്ത്രിക്കൊപ്പം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം) ജീവൻ ബാബുവും പോകാൻ നിർദേശിച്ചു. എന്നാൽ, മന്ത്രിക്ക് യാത്രാനുമതി തേടി സംസ്ഥാന സർക്കാർ സമീപിച്ചെങ്കിലും ഇന്നലെ രാത്രി പത്തര വരെ പൊളിറ്റിക്കൽ ക്ലീയറൻസ് കേന്ദ്ര സർക്കാർ നൽകിയില്ല. ഇതേ തുടർന്ന് മന്ത്രി വീണ ജോർജ് യാത്ര ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.