കൊച്ചി: ആത്മത്യാഗത്തോടെ അവയവദാനത്തിന് തയാറാകുന്നവരെ പ്രതിഫലത്തിനായാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ഹൈകോടതി. സ്വീകർത്താവും ദാതാവും തമ്മിലെ ബന്ധം തെളിയിക്കാനായാല്‍ അവയവദാനത്തിന് അനുമതി നല്‍കണമെന്നും രണ്ടു കക്ഷികളുടെയും സാമ്പത്തികനിലയില്‍ വ്യത്യാസമുണ്ടെന്നതിെൻറ പേരിൽ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി. കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി. ശിഹാബുദ്ദീന് കോട്ടയം പുതുപ്പള്ളി പാലക്കല്‍ വീട്ടില്‍ ബിജു വൃക്ക ദാനം ചെയ്യുന്നത് തടഞ്ഞ് ഒാതറൈസേഷന്‍ കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് വിധി.
തൃക്കരിപ്പൂരില്‍ ശിഹാബുദ്ദീന് നടത്തുന്ന ഫ്രൂട്ട് സ്റ്റാളിലെ ജീവനക്കാരനാണ് ബിജു. ഭാര്യ, ഭര്‍ത്താവ്, മകന്, മകള്‍, പിതാവ്, മാതാവ്, സഹോദരന്, സഹോദരി, പിതാമഹന്, മുത്തശ്ശി, പേരമകന്, പേരമകള്‍ എന്നിവരല്ലാത്തവര്ക്ക് അവയവം ദാനം ചെയ്യുമ്പോള്‍ ഒാതറൈസേഷന്‍ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമം. അതിനാല്‍, ഒാതറൈസേഷന്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളി. രണ്ടു പേരുടെയും സാമ്പത്തികനിലയിലെ വ്യത്യാസം, ഇരുവരും തമ്മിലെ ബന്ധം തെളിയിക്കാനായില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് അപേക്ഷ തള്ളിയത്. ശിഹാബുദ്ദീെൻറ കടയിലാണ് ബിജു ജോലി ചെയ്യുന്നതെന്ന കാര്യം അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഒാതറൈസേഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരായ അപ്പീല്‍ സര്‍ക്കാറും തള്ളി. തുടര്‍ന്നാണ് രണ്ടു പേരും ഹൈകോടതിയെ സമീപിച്ചത്.
മുന്‍കാല പരിചയം ഇപ്പോഴും തുടരുന്നതിനാലാണ് വൃക്ക നല്‍കുന്നതെന്നാണ് ബിജു കോടതിയെ അറിയിച്ചത്. അടുപ്പം ഒരു മാനസിക വിഷയമായതിനാല്‍ സാഹചര്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ചൂഷണം ഇല്ലാതാക്കാനാണ് നിയമം രൂപവത്കരിച്ചിരിക്കുന്നത്. രണ്ടു കക്ഷികളും തമ്മിലെ ബന്ധം തെളിയിക്കാനായാല്‍ അവയവദാനത്തിന് അനുമതി നല്‍കണം. രണ്ടുകക്ഷികളുടെയും സാമ്പത്തികനിലയില്‍ വലിയ വ്യത്യാസമുണ്ടെന്ന് രേഖകള്‍ പറയുന്നില്ല. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശിഹാബുദ്ദീെൻറ കൈവശം വേണ്ടത്ര പണമില്ലാത്തതിനാല്‍ പിരിവ് നടത്തി സംഘടിപ്പിച്ച് നല്‍കിയത് തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയാണ്. ഇൗ സാഹചര്യത്തിൽ രണ്ടുകക്ഷികളുടെ സാമ്പത്തികനിലയില്‍ വ്യത്യാസമുണ്ടെന്നത് അവയവമാറ്റ അപേക്ഷ നിരസിക്കാന്‍ കാരണമല്ലെന്ന് കോടതി പറഞ്ഞു.
സ്വമേധയാ നടത്തുന്ന അവയവദാനം ഉന്നത പ്രവൃത്തിയാണ്. നിരവധി പേര്‍ക്ക് അവയവങ്ങള്‍ വേണമെങ്കിലും നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ബന്ധുക്കളില്‍നിന്ന് ദാതാക്കളെ ലഭിക്കുന്നതെന്നും കോടതി പറഞ്ഞു. വാദം കേള്ക്കുന്നതിെൻറ ഭാഗമായി ബിജുവിനെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്ത ബന്ധമാണ് ശിഹാബുദ്ദീനുമായുള്ളതെന്ന് ബിജുവും ഭാര്യയും കോടതിയെ അറിയിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സാമ്പത്തിക ഇടപാടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഒാതറൈസേഷന്‍ കമ്മിറ്റിയുടെയും സര്‍ക്കാറിെൻറയും ഉത്തരവുകള്‍ കോടതി റദ്ദാക്കി. എത്രയും വേഗം അനുകൂലനടപടി സ്വീകരിക്കാന്‍ കോടതി അധികൃതർക്ക് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.