തൃശൂർ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്ക് വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കുറവാണെങ്കിൽ സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കാമെന്ന് ധനവകുപ്പ്.
മതസ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനംകൂടി ചേർത്താണ് വാർഷികവരുമാനം ഒരുലക്ഷം രൂപ കവിയരുതെന്ന് നിർദേശിച്ചിട്ടുള്ളത്. സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കാനുള്ള മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രം ഇവർ പെൻഷന് അർഹരാണെന്ന് ധനകാര്യ ജോയന്റ് സെക്രട്ടറി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും മാത്രം ഉദ്ദേശിച്ച സാമൂഹികസുരക്ഷ പെൻഷന് മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവർക്ക് അർഹതയില്ല.
അതിനാൽ മതസ്ഥാപന നിയന്ത്രണത്തിലെ മന്ദിരങ്ങളിൽ താമസിക്കുന്ന മിഷനറി സന്യാസിമാർ, പുരോഹിതർ, വൈദികൾ, കോൺവന്റുകളിലെ കന്യാസ്ത്രീകൾ, മഠങ്ങളിലെ/മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹികസുരക്ഷ പെൻഷന് അർഹതയില്ല. ഇത്തരക്കാർ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ പെൻഷൻ ഗുണഭോക്തൃലിസ്റ്റിൽനിന്ന് ഒഴിവാക്കാനും ധനവകുപ്പ് നിർദേശിച്ചു.
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന മിഷനറികളിലെ സന്യാസിമാർക്കും കോൺവന്റുകളിലെ കന്യാസ്ത്രീകൾക്കും മഠങ്ങളിലെ അന്തേവാസികൾക്കും നേരേത്ത സാമൂഹികസുരക്ഷ പെൻഷൻ നൽകിവന്നിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.
തുടർന്ന് സാമൂഹികസുരക്ഷ പെൻഷൻ പുനഃസ്ഥാപിക്കാൻ നിരവധി നിവേദനങ്ങൾ സർക്കാറിന് ലഭിച്ചിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് വിഷയത്തിൽ നിലപാടെടുത്തത്.
ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സർക്കാറുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഓണറേറിയം കൈപ്പറ്റുന്ന മറ്റ് വ്യക്തികൾ എന്നിവരിൽ ഓണറേറിയം ഉൾപ്പെടെ കുടുംബ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടാതിരുന്നാലും പെൻഷൻ അനുവദിക്കാമെന്നും ഉത്തരവിലുണ്ട്. ഇതിന് വിരുദ്ധമായി പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.