കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകർ ഇന്ന് അറസ്റ്റിലായതോടെ സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തതെന്തിനെന്ന സംശയം ബലപ്പെടുകയാണ്.
സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇരട്ടക്കൊലപാതകം അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.
കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് അന്ന് വാദിച്ചിരുന്നു. വിദേശത്തായിരുന്നവരടക്കം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ സങ്കീർണതകൾ ഇല്ലെന്ന് ഹൈകോടതി തന്നെ നിരീക്ഷിച്ച കേസാണെന്നും സർക്കാർ അഭിഭാഷകൻ വാദിക്കുകയും ചെയ്തു. ജോലിഭാരമുള്ളതിനാൽ ലോക്കൽ പൊലീസിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തങ്ങൾക്ക് അയക്കരുതെന്ന് സി.ബി.ഐ തന്നെ ആവശ്യപ്പെടുന്നുണ്ടെന്നും സർക്കാർ ചുണ്ടിക്കാട്ടിയിരുന്നു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിച്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നും സി.ബി.ഐ. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കവേ കോടതിയെ അറിയിച്ചിരുന്നു.
കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി.ബി.ഐ കത്ത് നൽകിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കിയിരുന്നു.
തുടർന്ന് കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 91 പ്രയോഗിക്കാനായിരുന്നു നീക്കം. സി.ബി.ഐ പലതവണ കത്ത് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകള്‍ കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു മറുപടി നൽകിയത്. ആറ് തവണയാണ് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നൽകിയത്.
കാസർകോട് ജില്ല ആശുപത്രിയിലെ സ്വീപ്പർ തസ്തികയിൽ പ്രതികളുടെ ഭാര്യമാർക്ക് താൽകാലിക നിയമനം നൽകിയതും നേരത്തെ വിവാദമായിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.