സമരം കടുപ്പിക്കാനുറച്ച്​ പി.ജി ഡോക്​ടർമാർ

തിരുവനന്തപുരം: സമരം പത്താംദിവസത്തിലേക്ക്​ കടന്നതോടെ പ്രതിഷേധം ശക്തമാക്കാനുറച്ച്​ പി.ജി ഡോക്​ടർമാർ. മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗങ്ങളും ഓപറേഷന്‍ തിയറ്ററുകളും വെള്ളിയാഴ്ച മുതല്‍ ബഹിഷ്‌കരിക്കുമെന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് ഡ്യൂട്ടികള്‍ തുടരും. നോണ്‍ അക്കാദമിക് ജൂനിയര്‍ ​െറസിഡൻറുമാരെ നിയമിക്കാനുള്ള ഉത്തരവിറങ്ങാതെ സമരത്തില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ, മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ വീണ്ടും ദുരിതത്തിലാകുമെന്നുറപ്പായി.

ഇതിനിടെ, സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാർ ശ്രമമെന്ന് കേരള മെഡിക്കല്‍ പോസ്​റ്റ്​ ഗ്രാജ്വേറ്റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്​റ്റല്‍ ഒഴിയണമെന്നും കാമ്പസില്‍നിന്ന്​ വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്പസില്‍നിന്ന്​ മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കുലറെന്നും പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് കാലത്ത് ആത്മാര്‍ഥമായി ജോലി ചെയ്തവരാണ് തങ്ങളെന്നും ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്നവരോട് ഫാഷിസ്​റ്റ്​ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കു ന്നതെന്നും കെ.എം.പി.ജി.എ പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് ദിവസമായി ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പി.ജി. ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടന്നു. എന്നിട്ടും അനുകൂല ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്നാണ്​ ഗത്യന്തരമില്ലാതെ അത്യാഹിത വിഭാഗം ജോലി ബഹിഷ്‌കരിക്കുന്നതെന്നാണ് പി.ജി ഡോക്​ടർമാർ പറയുന്നത്.

സമരം തുടരുന്ന പി.ജി ഡോക്​ടർമാർക്കെതിരെ നടപടിയെടുക്കും -മന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരു വിഭാഗം പി.ജി ഡോക്​ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്​. പി.ജി ഡോക്ടർമാരുമായി രണ്ടു തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി.ജി പ്രവേശനം നേരത്തേ നടത്തണമെന്നതാണ് സമരത്തി​െൻറ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിന്​ ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല.

എന്നാൽ, പി.ജി ഡോക്​ടർമാരുടെ ജോലിഭാരം കുറക്കുന്നതി​െൻറ ഭാഗമായി ഒന്നാംവർഷ വിദ്യാർഥികളുടെ അലോട്ട്​മെൻറ്​ നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് നോൺ അക്കാദമിക് ജൂനിയർ ​െറസിഡൻറുമാരെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻലിച്ചത്. ഇതിൽ നടപടിയാകുകയും ചെയ്തു. എന്നാൽ, ഒരു വിഭാഗം പി.ജി ഡോക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കോവിഡ് ചികിത്സയിലും മനഃപൂർവം തടസ്സം സൃഷ്​ടിക്കുന്ന സാഹചര്യമാണുള്ളത്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽനിന്ന്​ പിന്മാറണം. അല്ലാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - PG doctors decide to intensify strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.