മൂവാറ്റുപുഴ: പുഴയിൽ വിഷം കലർത്തി മീൻ പിടിച്ചുവന്ന നാടോടി സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എന്നാൽ, ഇവരെ പൊലീസ് നടപടി സ്വീകരിക്കാതെ വിട്ടയച്ചു. കടാതി മുറിക്കല്ലിന് സമീപം മൂവാറ്റുപുഴയാറ്റിലാണ് രാസവസ്തുക്കൾ കലർത്തി നാലംഗ സംഘം മീൻ പിടിച്ചത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവം കണ്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടവഞ്ചികളും വലയുമായി എത്തുന്ന സംഘം മീൻ പിടിക്കേണ്ട ഭാഗത്ത് നഞ്ച് കലക്കുകയാണ് പതിവ്. ചത്തുപൊങ്ങുന്ന മീനുകളെ വഞ്ചിയിൽ തുഴഞ്ഞ് വലയിൽ ശേഖരിക്കും.
വലിയ മീനുകളെ മാത്രം ശേഖരിച്ച് ബാക്കിയുള്ളതിനെ ആറ്റിൽ ഉപേക്ഷിച്ചാണ് സംഘം മടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലും പുഴയുടെ വിവിധ ഭാഗങ്ങളിൽ നാടോടിസംഘം ഇത്തരത്തിൽ മീൻപിടിത്തം നടത്തിയിരുന്നു. ഓരോ ദിവസവും മീൻപിടിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവരെ കണ്ടെത്തുക എളുപ്പമല്ല. ജനത്തിരക്കില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി പുലർച്ചയാണ് സംഘം മീൻപിടിക്കാൻ എത്തുന്നത്.
കീടനാശിനിയും തുരിശും മണ്ണെണ്ണയും കലർന്ന മിശ്രിതമാണ് വെള്ളത്തിൽ കലർത്തുന്നത്. അധികം താമസിയാതെ മത്സ്യങ്ങളുടെ കാഴ്ച നഷ്ടപ്പെടുമെന്നും കണ്ണ് ചുവന്നുപൊട്ടുമെന്നും പറയുന്നു. ഇവയെ വഞ്ചി തുഴഞ്ഞ് വലയിലാക്കാൻ എളുപ്പമാണ്. എന്നാൽ, വിഷം കലർത്തിയല്ല, ഉടക്ക് വല ഉപയോഗിച്ചാണ് സംഘം മീൻ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകൊണ്ടാണ് നടപടി സ്വീകരിക്കാതെ വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.