രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം

തിരുവനന്തപുരം: സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തലെന്ന മട്ടിൽ പഴയ മൊഴികൾ ആവർത്തിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന വിലയിരുത്തലിൽ സി.പി.എം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ. കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സ്വർണക്കടത്ത് കേസിൽ അവസാന കളിക്ക് മുതിരുന്നെന്ന നിലപാടിലാണ് എൽ.ഡി.എഫ് സർക്കാറും.

സ്വപ്നയുടെ പുതിയ 'വെളിപാടുകൾക്ക്' സമൂഹമധ്യത്തിൽ മറുപടി പറഞ്ഞുതന്നെ പോകുകയെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എത്തിയിരിക്കുന്നത്. എൻ.ഐ.എ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് കുറ്റപത്രം നൽകുകയും ചെയ്തിട്ടുള്ളതാണ്. അന്ന് കസ്റ്റംസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചതിന് അപ്പുറം പുതിയതായൊന്നും ഇല്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം സ്വപ്നക്ക് ജോലി നൽകിയത് സംഘ്പരിവാർ ബന്ധമുള്ള സന്നദ്ധ സംഘടനയാണ്. കഴിഞ്ഞ ദിവസം അവർക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ അഭിഭാഷകനാവട്ടെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത മതവിദ്വേഷം പ്രകടിപ്പിക്കുന്ന സംഘ്പരിവാർ അനുകൂലിയാണെന്നതും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു. സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാറാണ്. എന്നാൽ, സ്വർണം അയച്ചത് ആര്, ആർക്ക് ലഭിച്ചുവെന്നതിലേക്കുള്ള അന്വേഷണം ചില ബി.ജെ.പിക്കാരിലേക്ക് നീളുമെന്ന് കണ്ട് വെട്ടിച്ചുരുക്കി. അന്വേഷണ ഉദ്യോഗസ്ഥരെ അടക്കം മാറ്റുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചിട്ടും എൽ.ഡി.എഫ് 99 സീറ്റുമായി ഭരണത്തുടർച്ച നേടിയത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ തെളിവാണെന്ന് സി.പി.എം കരുതുന്നു. ജനം തള്ളിയ ആക്ഷേപങ്ങൾ വീണ്ടും ഉയർത്തുന്നത് പരിഹാസ്യമാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ പ്രസ്താവനകളെ രാഷ്ട്രീയ ആയുധമാക്കാനുള്ള യു.ഡി.എഫ് ശ്രമത്തെ രാഷ്ട്രീയമായിതന്നെ നേരിടും.

പ്രവാചക നിന്ദയിൽ ബി.ജെ.പി സർക്കാറും സംഘ്പരിവാറും പ്രതിരോധത്തിലായിരിക്കെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്നതും ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവുമധികം ഗൾഫ് പ്രവാസികളുള്ള കേരളത്തിൽ പ്രവാചക നിന്ദക്കെതിരായ ചർച്ചകൾ ഒരു വിവാദത്തിലൂടെ മറികടക്കാനാണ് ശ്രമമെന്നും അവർ സംശയിക്കുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്നത് പിണറായി വിജയന് ഒടുവിൽ അനുകൂലമാകുമെന്നാണ് സി.പി.എം വിലയിരുത്തൽ.

Tags:    
News Summary - Political conspiracy behind Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.