തിരുവനന്തപുരം: കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലേക്ക് ആദ്യഘട്ടമായി നടത്തുന്ന ഒറ്റത്തവണ പരിശോധന പി.എസ്.സി അവസാനിപ്പിച്ചു. ഇനിമുതൽ കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലും പരീക്ഷകൾക്ക് ശേഷമായിരിക്കും സർട്ടിഫിക്കറ്റ് പരിശോധനകൾ. ഇതുസംബന്ധിച്ച തീരുമാനത്തിന് കമീഷൻ അംഗീകാരം നൽകി.
ലക്ഷക്കണക്കിനുപേർ അപേക്ഷിക്കുന്ന തസ്തികകളിൽ എഴുത്തുപരീക്ഷക്ക് ശേഷമാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാൻ യോഗ്യതയുള്ള ഉദ്യോഗാർഥികളോട് ഒറ്റത്തവണ പരിശോധനക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പി.എസ്.സി നിർദേശിക്കുന്നത്.
പരീക്ഷ എഴുതിയയാൾ തന്നെയാണ് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും മതിയായ യോഗ്യതയോടെയാണ് അപേക്ഷിച്ചതെന്നും ഉറപ്പാക്കാനാണ് ഇത്തരം പരിശോധന. എന്നാൽ, 500ൽ കുറവ് അപേക്ഷകരുള്ള തസ്കികളിലേക്ക് പരീക്ഷ നടത്തുംമുമ്പുതന്നെ അപേക്ഷകരോട് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ പി.എസ്.സി നിർദേശിക്കാറുണ്ട്.
ഒറ്റത്തവണ പരിശോധന പൂർത്തിയായശേഷമാകും യോഗ്യരായവരെ പരീക്ഷക്ക് ഇരുത്തുന്നതും പരീക്ഷാരീതി നിശ്ചയിക്കുന്നതും. എന്നാൽ, പ്രധാനപ്പെട്ടവയൊഴികെ ഭൂരിഭാഗം തസ്തികകളിലും അപേക്ഷരുടെ എണ്ണം 500ൽ കുറവായിരിക്കും. ഇത് വൻ ജോലിഭാരമാണ് പി.എസ്.സിക്കുണ്ടാക്കുന്നത്.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനി മുതൽ ഇന്‍റർവ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്ന തസ്തികകളിൽ മറ്റൊരു പരീക്ഷകൂടി നടത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്. ഒ.എം.ആർ, ഒ.എസ്.എം, ഓൺലൈൻ, വിവരണാത്മക പരീക്ഷ എന്നിവയിൽ ഏത് നടത്തണമെന്ന് പി.എസ്.സി തീരുമാനിക്കും. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇതിന് ഇളവ് നൽകേണ്ടതുള്ളൂവെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.