ഡി.എം.കെയുടെ ഷാളും കൈയിൽ ചുവന്ന തോർത്തും; അൻവർ സഭയിൽ; കൈകൊടുത്ത് സ്വീകരിച്ച് ലീഗ് എം.എൽ.എമാർ

തിരുവനന്തപുരം: ഇടതുപക്ഷവുമായുള്ള ബന്ധം ഉപേ‍ക്ഷിച്ചശേഷം പി.വി. അൻവർ എ.എൽ.എ ആദ്യമായി നിയമസഭയിൽ. കഴുത്തിൽ ഡി.എം.കെയുടെ ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്.

മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി. ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍ ലീഗ് എം.എൽ.എ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ സീറ്റ്.

അതേസമയം മുഖ്യമന്ത്രി ബുധനാഴ്ചയും നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി എ.ബി രാജേഷ് മറുപടി പറയും. 12 മണി മുതൽ രണ്ടു മണിക്കൂർ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച നടക്കും. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനാണ് അനുമതി നൽകിയത്. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

സഭയിൽ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംവിധാനത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. നേരത്തെ, കേരള പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന്‍റെ കൈയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചിരുന്നു.

ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകമെന്നും അൻവർ കൂട്ടിച്ചേർത്തു. സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അൻവർ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി.

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - PV Anvar MLA in Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.