തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന പ്രശ്നം ബി.ജെ.പി വിചാരിച്ചാൽ ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കാമെന്ന് കെ. മുരളീധരൻ എം.എൽ.എ. കേന്ദ്രസർക്കാർ ഒാർഡിനൻസ് ഇറക്കിയാൽ മതി. പക്ഷേ, അവർ അതിന് തയാറല്ല. ആക്ടിവിസ്റ്റുകൾക്ക് പൊലീസ് ബന്തവസ് ഒരുക്കുക വഴി സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണ്.
സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു. ചോദിച്ചുവാങ്ങിയ വിധി തെറ്റായി നടപ്പാക്കിയതിെൻറ പരിണിതിയാണ് ഇപ്പോൾ ശബരിമലയിൽ കാണുന്നത്. തന്ത്രി സ്വീകരിച്ച നിലപാടുകൊണ്ട് മാത്രമാണ് രക്തച്ചൊരിച്ചിൽ ഉണ്ടാകാതിരുന്നത്. വികാരങ്ങൾ മുറിപ്പെടുന്ന സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. പേരക്കയും ഒാറഞ്ചുമായെത്തിയ രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചു. പൊലീസ് കവചവും ഹെൽമറ്റും നൽകിയാണ് െഎ.ജി ഇവർക്ക് സംരക്ഷണം നൽകിയത്.
സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലത്തില്ല. കേരളത്തെ തീവെച്ചിട്ടാണോ നവകേരളത്തെ മുഖ്യമന്ത്രി സൃഷ്ടിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണം. അയ്യപ്പൻ ഒഴികെ മറ്റുള്ളവർക്കെതിരെയെല്ലാം വധശ്രമത്തിന് കേസെടുത്ത് കഴിഞ്ഞു. വിശ്വാസികളെ തകർക്കാൻ രണ്ട് മന്ത്രിമാരെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്, ശബരിമലയിൽ കടകംപള്ളി സുരേന്ദ്രനെയും സുന്നി പള്ളികളുടെ വിഷയത്തിൽ കെ.ടി. ജലീലിനെയും. ചത്തുകിടന്ന ബി.െജ.പിക്ക് ഒാക്സിജൻ നൽകുകയാണ് സി.പി.എം ചെയ്തത്. ദേവസ്വം ബോർഡിനെയും മന്ത്രിയെയും പാർട്ടി നിയന്ത്രിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.