കോഴിക്കോട്: എസ്.ഡി.പി.ഐ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡി.വൈ.എഫ്.ഐയെ പരിഹസിച്ചത്.
"ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അക്രമിച്ച എസ്.ഡി.പി.ഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡി.വൈ.എഫ്.ഐ..." ഡി.വൈ.എഫ്.ഐ എങ്ങനെ പ്രതികരിച്ചു? ബ്രഷ് മതിലിൽ അമർത്തി വെച്ച് എഴുതി "വർഗീയത തുലയട്ടെ" -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ബാലുശ്ശേരിയിൽ എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനു നേരെയുള്ള ആൾക്കൂട്ട മർദനത്തിൽ കലാശിച്ചത്. പാലോളി മുക്കിൽവെച്ച് വ്യാഴാഴ്ച പുലർച്ചെ ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെ ബാലുശ്ശേരി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറയുന്നു.
അതേസമയം, ആൾക്കൂട്ടമർദനത്തിൽ പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 29 പേർക്കെതിരെ ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചു പേർ കസ്റ്റഡിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.