മഴ: കുമ്പള പെറുവാഡ് തീരത്ത് 25ഓളം വീടുകൾ കടലാക്രമണ ഭീഷണിയിൽ

കുമ്പള: കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. കോയിപ്പാടിയിലും പെറുവാഡ് കടപ്പുറത്തും രൂക്ഷമായ കടലാക്രമണം. 200 മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. നിരവധി തെങ്ങുകൾ കടലിനടിയിലായി. 25 ഓളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നു. ഇതിൽ ചില വീടുകളിലേക്ക് കടൽ തിരമാല അടിച്ചു തുടങ്ങി.

ഒരു പതിറ്റാണ്ടായി രൂക്ഷമായ കലാക്രമണമാണ് കുമ്പള തീരമേഖലയിൽ നേരിടുന്നത്. കടൽക്ഷോഭത്തെ ചെറുക്കാൻ തീര സംരക്ഷണ പദ്ധതികളൊന്നും പെറുവാഡ് കടപ്പുറത്ത് നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുണ്ട്. എത്രയോ തവണ ഈ വിഷയം ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തിയതുമാണ്. തീരവും വീടുകളും നഷ്ടപ്പെട്ടത് നേരിട്ട് കാണാൻ സന്ദർശനം നടത്തുന്നതല്ലാതെ തീരസംരക്ഷണ പദ്ധതികൾക്കൊന്നും ശ്രമിക്കുന്നില്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്.

രൂക്ഷമായ കടലാക്രമണം നേരിടുന്ന പെർവാഡ് കടപ്പുറത്ത് നൂറ് മീറ്ററിൽ കടൽഭിത്തി നിർമ്മിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിച്ചില്ല. തീരമേഖലയിൽ ഈ ഭാഗത്താണ് ഏറ്റവും രൂ ക്ഷമായ കടലാക്രമണം ഇപ്പോൾ നേരിടുന്നത്. കടൽക്ഷോഭം താരതമ്യേന കുറവായ നാങ്കി കടപ്പുറത്ത് ചില സ്വകാര്യ വ്യക്തികളുടെ റിസോർട്ടുകളെ സംരക്ഷിക്കാൻ കടൽഭിത്തി നിർമ്മിക്കാനുള്ള ശ്രമത്തെ ഏതാനും മാസം മുമ്പ് പെറുവാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ സംഘടിച്ചെത്തി തടഞ്ഞിരുന്നു. ഈ സന്ദർഭത്തിലാണ് പെറുവാട് കടപ്പുറത്ത് 100 മീറ്ററിൽ കടൽഭിത്തി നിർമ്മിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയത്.

തീരമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന നാമമാത്രമായ പദ്ധതികളും ഫണ്ടുകളും തീര സംരക്ഷണത്തിന് അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ ഉപയോഗപ്പെടുത്തി കുമ്പള തീരമേഖലയിൽ നിർമ്മിച്ച കടൽ ഭിത്തികളൊക്കെ കടലെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. തീരദേശ സംരക്ഷണത്തിന് കേന്ദ്രസർക്കാറിന്റെ കോടികളുടെ പദ്ധതികളുണ്ട്. ഒന്നും ഈ മേഖലയിൽ എത്തുന്നില്ല. കരാറുകാരുടെ കീശവീർപ്പിക്കാൻ കാണിക്കുന്ന 'ചെപ്പടിവിദ്യകൾ' കൊണ്ട് കടലാക്രമണത്തെ നേരിടാനാവില്ലെന്നും ശാസ്ത്രീയമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലാക്രമണം നേരിടുന്ന കുമ്പള തീരദേശ മേഖലയിൽ റവന്യൂ ഉദ്യോഗസ്ഥർ, കുമ്പള പൊലീസ്, പഞ്ചായത്ത് അതികൃതർ നിരന്തരമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. സംഭവ വികാസങ്ങൾ അപ്പപ്പോൾ തന്നെ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ടും നൽകുന്നുണ്ട്.

Tags:    
News Summary - Rain: Around 25 houses on Kumbla Peruvad coast are under threat of sea attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.