കൊച്ചി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കിൽ കുറ്റം ആവർത്തിക്കപ്പെടുമെന്നും ഹൈകോടതി. ഇത്തരമൊരു വീഴ്ചയുടെ കാരണക്കാർ ആരെന്ന് കണ്ടെത്തണം. എങ്ങനെയാണ് ഇത്തരത്തിൽ പട്ടയം നൽകാൻ കഴിഞ്ഞതെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിർദേശിച്ചു. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനെതിരെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ ഉൾപ്പെടെ നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.
രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ സർക്കാർ അടിസ്ഥാനമാക്കിയ വിദഗ്‌ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തി വിശദീകരണം നൽകാൻ നേരത്തേ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാർ ഇതിനായി സമയം തേടിയതിനെത്തുടർന്ന് ഹരജികൾ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹരജിക്കാരുടെ പട്ടയങ്ങൾ റദ്ദാക്കുന്നതും കോടതി തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവിന്‍റെ കാലാവധി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നീട്ടുകയും ചെയ്തു.
ഭൂപതിവുചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ജനുവരി 18ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജികൾ. റവന്യൂ വകുപ്പ് നേരത്തേ നിയോഗിച്ച അഞ്ചംഗ സംഘം നാലു വർഷം നീണ്ട പഠനത്തിനൊടുവിലാണ് രവീന്ദ്രൻ പട്ടയങ്ങൾ ഭൂപതിവുചട്ടങ്ങൾക്കും 1977ലെ കണ്ണൻദേവൻ ഹിൽ ചട്ടങ്ങൾക്കും വിരുദ്ധമായാണ് നൽകിയതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.