തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്കരണങ്ങളിൽ നയപരമായ നിലപാട് സ്വീകരിക്കാൻ സി.പി.എം നേതൃത്വവും വിദ്യാർഥി-അധ്യാപക-അനധ്യാപക സംഘടന നേതൃത്വവും ഒന്നിച്ചിരിക്കുന്ന ശിൽപശാല ശനി, ഞായർ ദിവസങ്ങളിലായി നടക്കും.
വിളപ്പിൽശാലയിലെ ഇ.എം.എസ് അക്കാദമിയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടി. എസ്.എഫ്.ഐ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, പാർട്ടി അനുകൂല സർവകലാശാല അധ്യാപക, അനധ്യാപക സംഘടന ഭാരവാഹികളും ശിൽപശാലയിൽ പങ്കെടുക്കും.
സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നുതന്നെ മാറ്റണമെന്ന് പാർട്ടി കേന്ദ്രങ്ങളിൽനിന്ന് വരെ അഭിപ്രായമുയരുന്നതിനിടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യുകയും നയപരമായ നിലപാടിലേക്ക് പാർട്ടി നീങ്ങുകയും അതിനനുസൃതമായ നിയമനിർമാണത്തിന് സർക്കാറിന് അനുമതി നൽകുകയും ചെയ്തേക്കും.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ, സർവകലാശാല നിയമപരിഷ്കരണ കമീഷൻ, സർവകലാശാല പരീക്ഷ പരിഷ്കരണ കമീഷൻ എന്നിവ ഇതിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിൽ ശിൽപശാലയിൽ ചർച്ച നടക്കും.
സ്വകാര്യ സർവകലാശാല, കൽപിത സർവകലാശാല എന്നിവക്ക് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. സർവകലാശാലകളിലെ അഫിലിയേഷൻ സമ്പ്രദായം തുടരുന്നതും പകരം ക്ലസ്റ്റർ സമ്പ്രദായം കൊണ്ടുവരുന്നതും ചർച്ചക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.